cosmos
പെരിങ്ങര കോസ്മോസ് ജംഗ്‌ഷനിൽ പൈപ്പിലെ ചോർച്ച പരിഹരിക്കുന്നു

തിരുവല്ല: പെരിങ്ങര കോസ്മോസ് ജംഗ്‌ഷന്‌ സമീപം പൈപ്പ് പൊട്ടി റോഡിൽ ഉണ്ടായ വെള്ളക്കെട്ട് അധികൃതർ പരിഹരിച്ചു. കാവുംഭാഗം - ചാത്തങ്കരി റോഡിൽ ഞായറാഴ്ച രാവിലെ പൊട്ടിയ പൈപ്പിൽ നിന്നും വെള്ളം വഴിനീളെ ഒഴുകുകയായിരുന്നു. രണ്ട് ദിവസമായി കുടിവെള്ളം പാഴായി കോസ്മോസ് ജംഗ്‌ഷനിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടും വാട്ടർ അതോറിറ്റി അധികൃതർ നന്നാക്കാൻ തയാറായില്ല. വൻതോതിൽ പുറത്തേക്ക് ഒഴുകുന്ന വെള്ളം റോഡിന്റെ പലഭാഗങ്ങളിൽ കെട്ടിക്കിടന്ന് യാത്രക്കാർക്ക് ഉൾപ്പെടെ ദുരിതമായിരുന്നു. ഇതുസംബന്ധിച്ച് കേരളകൗമുദി ഇന്നലെ വാർത്ത റിപ്പോർട്ട് ചെയ്തു. ഇതേതുടർന്ന് വാട്ടർ അതോറിറ്റി അധികൃതർ ഉണർന്നു പ്രവർത്തിച്ചു. രാവിലെ തന്നെ സ്ഥലത്തെത്തി പൈപ്പിലെ ചോർച്ച കണ്ടെത്തി പരിഹരിക്കുകയായിരുന്നു. റോഡിലൂടെ ഭാരമേറിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ മർദ്ദവ്യതിയാനം ഉണ്ടാകുന്നതാണ് പൈപ്പ് തകർച്ചയ്ക്ക് കാരണമെന്നാണ് അധികൃതർ പറയുന്നത്. വർഷങ്ങൾക്ക് മുമ്പ് റോഡിൽ സ്ഥാപിച്ചിട്ടുള്ള പൈപ്പുകൾ അടിക്കടി പൊട്ടുന്നതിനാൽ കുടിവെള്ളം പാഴാകുന്നത് പതിവാണ്.