തിരുവല്ല: ഭൂമിയുടെ തരംമാറ്റൽ അദാലത്തിൽ തിരുവല്ല റവന്യൂ ഡിവിഷനിൽ സൗജന്യ തരം മാറ്റം അനുവദിച്ച് 315 അപേക്ഷകൾ തീർപ്പാക്കി. മന്ത്രി കെ.രാജൻ 178 അപേക്ഷകർക്ക് ഉത്തരവ് വിതരണം ചെയ്തു. സൗജന്യ തരംമാറ്റത്തിന് അർഹമായ 25 സെന്റിൽ താഴെ ഭൂമിയുള്ള അപേക്ഷകളിലാണ് ഉത്തരവ് നൽകിയത്. തിരുവല്ല റവന്യു ഡിവിഷന് കീഴിലുള്ള മല്ലപ്പള്ളി, റാന്നി, തിരുവല്ല താലൂക്കുകളിൽ നിന്നായി ലഭിച്ച അപേക്ഷകളാണ് തീർപ്പാക്കിയത്. അവശേഷിക്കുന്ന ഏഴെണ്ണത്തിലെയും കുറവുകൾ പരിഹരിച്ച് ജനുവരി 30ന് മുമ്പായി തീർപ്പാക്കും. തിരുവല്ല റവന്യു ഡിവിഷന് കീഴിൽ സൗജന്യ തരംമാറ്റത്തിന് അർഹതയുളള അപേക്ഷകളിൽ 97 ശതമാനം തീർപ്പായി. ഭൂമി തരംമാറ്റി ലഭിക്കാനായി വർഷങ്ങളായി കാത്തിരുന്നവർക്കാണ് അദാലത്ത് ആശ്വാസമായത്. മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ മാത്യു ടി. തോമസ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പ്രമോദ് നാരായൺ എം.എൽ.എ, ജില്ലാ കളക്ടർ എ.ഷിബു, സബ് കളക്ടർ സഫ്ന നസറുദ്ദീൻ എന്നിവർ പങ്കെടുത്തു.