
കോന്നി: കെട്ടിടങ്ങൾ പോരെന്ന് അധികൃതർ. ജില്ലാ പൈതൃക മ്യൂസിയം തുറന്നുകിട്ടാൻ ഇനിയും വൈകും. കോന്നി ഇക്കോ ടൂറിസം സെന്ററിൽ വനം വകുപ്പാണ് പൈതൃക മ്യൂസിയത്തിന് രണ്ട് കെട്ടിടങ്ങൾ വിട്ടുനൽകിയത്. പക്ഷേ ഇവിടെ ആവശ്യമായ സ്ഥലസൗകര്യം ഇല്ലെന്ന് പറഞ്ഞ് മ്യൂസിയം വകുപ്പ് പിൻമാറുകയായിരുന്നു. മ്യൂസിയം ഡയറക്ടറും പുരാവസ്തു വകുപ്പ് ഡയറക്ടറും അടങ്ങുന്ന സംഘം കഴിഞ്ഞ കഴിഞ്ഞ ദിവസങ്ങളിലാണ് പരിശോധന നടത്തിയത്. പുരാവസ്തുകൾ സൂക്ഷിക്കാൻ ആവശ്യമായ സൗകര്യം കെട്ടിടത്തിൽ ഇല്ലെന്നായിരുന്നു വിലയിരുത്തൽ. 2019 ലാണ് രണ്ട് കോടി രൂപ മുടക്കി കോന്നി ആനത്താവളം കേന്ദ്രമാക്കി ജില്ലാ പൈതൃക മ്യൂസിയം സ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരാവസ്തുവകുപ്പ് ആരംഭിച്ചത്. സംസ്ഥാനത്തെ 14 ജില്ലകളിലും പൈതൃക മ്യൂസിയങ്ങൾ തുടങ്ങാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചപ്പോൾ അന്ന് റവന്യു മന്ത്രിയായിരുന്ന അടൂർ പ്രകാശിന്റെ താത്പര്യപ്രകാരാണ് ജില്ലയിലെ മ്യൂസിയം കോന്നിയിൽ അനുവദിച്ചത്. സാംസ്‌കാരിക വകുപ്പിന് വനംവകുപ്പ് വിട്ടുനൽകിയ കെട്ടിടങ്ങൾ പുനരുദ്ധരിച്ചിരുന്നു. 2019 ൽ അന്നത്തെ സാംസ്‌കാരിക മന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനം നടത്തിയെങ്കിലും ഇതുവരെ തുറന്നിട്ടില്ല. മ്യൂസിയത്തിലേക്കുള്ള പൈതൃക സ്വത്തുക്കളുടെ ഏറ്റുവാങ്ങൽ ചടങ്ങ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയും ഉദ്ഘാടനം ചെയ്തു. പക്ഷേ ആനത്താവളത്തിലെത്തുന്ന വർക്ക് പൈതൃക മ്യൂസിയത്തെപ്പറ്റി അറിയുകപോലുമില്ല.
"ചരിത്രം ' നശിക്കുന്നു
2019ൽ ഉദ്ഘാടനം നടത്തിയെങ്കിലും മ്യൂസിയം ഇതുവരെ തുറന്നുകൊടുത്തിട്ടില്ല. 2014ൽ മ്യൂസിയത്തിന്റെ പ്രവർത്തനങ്ങൾ തുടങ്ങുന്നതിന്റെ ഭാഗമായി പന്തളം എൻ.എസ്.എസ് കോളേജിലെ ചരിത്രവിഭാഗവുമായി ചേർന്ന് സംസ്ഥാന പുരാവസ്തു വകുപ്പ് എട്ട് സംഘങ്ങളായി ജില്ലയുടെ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളിൽ സന്ദർശനം നടത്തി. പരമ്പരാഗത കാർഷിക ഉപകരണങ്ങൾ,വിവിധ ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ,പഴയകാല ചികിത്സാ ഉപകരണങ്ങൾ, പഴയകലാചരിത്ര രേഖകൾ എന്നിവ കണ്ടെത്തി ഇവിടെയെത്തിച്ചിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ചരിത്രസ്‌നേഹികളും പഴമക്കാരും സൂക്ഷിച്ചിരുന്ന ഇവ ഇവിടെക്കിടന്ന് നശിക്കുകയാണ്.
--------------------------
പൈതൃക മ്യുസിയത്തിനായി വനംവകുപ്പ് വിട്ടു നൽകിയ കെട്ടിടങ്ങൾ അനുയോജ്യമല്ലെന്ന് ഉദ്യോഗസ്ഥർ പരിശോധിച്ച് റിപ്പോർട്ട് നൽകിയിട്ടുണ്ട്. അനുയോജ്യമായ കെട്ടിടങ്ങൾ കണ്ടെത്താൻ ശ്രമിക്കും
കെ .യു .ജനീഷ്കുമാർ എം. എൽ .എ
അനുവദിച്ചത് 2 കോടി
മ്യൂസിയത്തിലുള്ളത്-
രാജഭരണ കാലത്തെ ശേഷിപ്പുകൾ, ആറന്മുള കണ്ണാടി, കടമ്മനിട്ട പടയണി എന്നിവയുമായി ബന്ധപ്പെട്ട ചരിത്രശേഷിപ്പുകൾ,പഴയകാല ചികിത്സാ ഉപകരണങ്ങൾ, വിവിധ ആചാര അനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ, പഴയകാല കാർഷിക ഉപകരണങ്ങൾ, ചരിത്ര രേഖകളുടെ മിനിയേച്ചർ രൂപങ്ങൾ