പത്തനംതിട്ട: ജനറൽ ആശുപത്രിയിൽ ഒ.പി, അത്യാഹിത വിഭാഗങ്ങൾക്ക് പുതിയ കെട്ടിടങ്ങൾ നിർമ്മിക്കാൻ നിലവിലെ ഒ.പി കെട്ടിടം അടുത്തയാഴ്ച പൊളിക്കും. ശബരിമല തീർത്ഥാടനം കഴിഞ്ഞ് കെട്ടിടം പൊളിക്കാൻ കഴിഞ്ഞ സെപ്തംബറിൽ 5.80 ലക്ഷം രൂപയ്ക്ക് കരാർ ഉറപ്പിച്ചതാണ്.

ഒ.പി വിഭാഗം കേരള ഹെൽത്ത് ആൻഡ് റിസർച്ച് സൈാസൈറ്റിയുടെ ( കെ.എച്ച്.ആർ.എസ്) പേ വാർഡിലേക്കാണ് മാറ്റിയത്. പേ വാർഡിന്റെ പ്രവർത്തനം നിറുത്തി. കെ.എച്ച്.ആർ.എസിന്റെ കെട്ടിടം ആരോഗ്യവകുപ്പിനു കൈമാറിയിട്ടുണ്ട്. ജീവനക്കാരുടെ ശമ്പളവും ആരോഗ്യവകുപ്പ് നൽകണമെന്നാണ് ധാരണ. വെള്ളം, വൈദ്യുതി ചാർജുകളും ആരോഗ്യവകുപ്പ് അടയ്ക്കണം. 20 ഒ.പികളാണ് ജനറൽ ആശുപത്രിയിലുള്ളത്. ആയിരത്തിലധികം രോഗികൾ പ്രതിദിനം ഒ.പിയിൽ എത്താറുണ്ട്. കെ.എച്ച്.ആർ.ഡബ്ല്യു കെട്ടിടത്തിന് ഇത്രയും ആളുകളെ ഉൾക്കൊള്ളാനുള്ള പരിമിതികളുണ്ടാകും. രോഗികൾക്ക് കാത്തു നിൽക്കാൻ സൗകര്യമില്ല.

അത്യാഹിത വിഭാഗം ബി ആൻഡ് സി ബ്ലോക്കിൽ താഴത്തെ നിലയിൽ ടിൻഷീറ്റിട്ട് നവീകരിച്ച ഭാഗത്തേക്ക് മാറ്റി. രക്തബാങ്ക് ബി ആൻഡ് സി ബ്ലോക്കിലെ മുകളിലത്തെ നിലയിലേക്ക് മാറ്റിയിട്ടുണ്ട്. പഴയ ഒ.പി കെട്ടിടത്തിലുണ്ടായിരുന്ന സ്ത്രീകളുടെയും പുരുഷന്മാരുടെയും വാർഡുകൾ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ മുകൾ നിലയിലേക്കു മാറ്റി. ദന്ത പരിശോധന വിഭാഗം അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ താഴത്തെനിലയിലാക്കി.

കെട്ടിടത്തിന്റെ പണികൾ ആരംഭിക്കുന്നതോടെ ആശുപത്രിയുടെ മുൻഭാഗത്തു കൂടി പ്രവേശനം തടയും. ആശുപത്രിക്ക് പിന്നിൽ ഡോക്ടേഴ്‌സ് ലെയ്‌നിൽ നിന്ന് പുതിയ വഴി നിർമ്മിച്ചു. മതിൽ ഇടിച്ച് പുതിയ ഒ.പി ഭാഗത്തേക്ക് റോഡ് വെട്ടിയിട്ടുണ്ട്. ബി ആൻഡ് സി ബ്ലോക്കിലെ അത്യാഹിത വിഭാഗത്തിലേക്ക് ഒരു വഴി കൂടി ഡോക്ടേഴ്‌സ് ലെയ്‌നിൽ നിന്ന് നിർമ്മിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും പണികൾ തടസപ്പെട്ടു. ആശുപത്രി മതിൽ പൊളിക്കുന്നതിലെ ബുദ്ധിമുട്ടാണ് കാരണം. കോൺക്രീറ്റ് മതിലാണ് ഇവിടെ നിർമ്മിരിക്കുന്നത്. വീതി കുറഞ്ഞ ഡോക്ടേഴ്‌സ് ലെയ്‌നിലൂടെ വേണം ആംബുലൻസുകൾ അടക്കം കടന്നുവരാൻ. തടസം ഒഴിവാക്കുന്നതിന് മാർത്തോമ്മ സ്‌കൂൾ ജംഗ്ഷൻ മുതൽ വൺവേ ആക്കുന്നത് പരിഗണനയിലാണ്.

കോൺക്രീറ്റ് പൊട്ടിയ ബി ആൻഡ് സി ബ്ലോക്കിന്റെ ബലക്ഷയം പരിഹരിച്ചില്ല. കാത്ത് ലാബ്, ഓപ്പറേഷൻ തിയറ്ററുകൾ, വാർഡുകൾ, മാതൃശിശുവിഭാഗം, പ്രസവ വാർഡ്, പനി വാർഡ് എന്നിവ പ്രവർത്തിക്കുന്ന ഇവിടേക്കാണ് അത്യാഹിത വിഭാഗവും രക്തബാങ്കും മാറ്റിയത്. ലിഫ്റ്റ് പ്രവർത്തിക്കുമ്പോൾ കെട്ടിടത്തിന് കുലുക്കം ഉണ്ടാകുന്നു. ബലക്ഷയം സംബന്ധിച്ചു റിപ്പോർട്ട് നൽകാൻ പി.ഡബ്ല്യുഡിയോട് ആവശ്യപ്പെട്ടിരുന്നു. ജലംസംഭരണി, ശുചിമുറി ഭാഗത്തെ ബീമുകൾ പൊട്ടിയിട്ടുണ്ട്.