ഇലന്തൂർ: മാർക്കറ്റ് ജംഗ്ഷൻ മുതൽ ഓമല്ലൂർ ക്ഷേത്രം വരെയുള്ള റോഡിൽ വിവിധയിടങ്ങളിലായി ഉണ്ടായിരുന്ന മൺകൂന നീക്കി. ഇന്നലെ പൊതുമരാമത്ത് അധികൃതരാണ് നടപടിയെടുത്തത്. റോഡിൽ മൺകൂന അപകടമുണ്ടാക്കുന്നത് കേരളകൗമുദി ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. ജെ.സി.ബി കൊണ്ടു വന്ന് മണ്ണ് പ്രത്യേക യാർഡിലേക്ക് മാറ്റി. റോഡിന്റെ വശങ്ങൾ വൃത്തിയാക്കുന്നതിന് പറക്കഷ്ണങ്ങളും മണ്ണും കാട്ടു ചെടികളും ജെ.സി.ബി കൊണ്ട് വലിച്ച് റോഡിൽ ഇട്ടിരിക്കുകയായിരുന്നു. റോഡ് നിർമ്മാണം കഴിഞ്ഞയുടൻ കൂട്ടിയിട്ട മണ്ണ് നീക്കം ചെയ്യാതിരുന്നതു കാരണം അപകടങ്ങൾ നടന്നിരുന്നു. ഒരേ സമയം ഇരുവശത്തു നിന്ന് വാഹനങ്ങൾ എത്തുമ്പോൾ മൺകൂന ഗതാഗത തടസമായിരുന്നു. നാട്ടുകാർ പല തവണ പൊതുമരാമത്തിന്റെയും പഞ്ചായത്ത് അധികൃതരുടെയും ശ്രദ്ധയിൽ പെടുത്തിയെങ്കിലും മണ്ണ് നീക്കിയിരുന്നില്ല. കഴിഞ്ഞ ദിവസം ഓട്ടോറിക്ഷയും ബൈക്കും ഇവിടെ അപകടത്തിൽപ്പെട്ടിരുന്നു.