
പന്തളം: മകരവിളക്ക് ഉത്സവത്തിന് ശേഷം ശബരിമലയിൽ നിന്ന് തിരുവാഭരണ ഘോഷയാത്ര പന്തളത്ത് തിരിച്ചെത്തി. ഇന്നലെ രാവിലെ എട്ടു മണിയോടെ പന്തളത്തെത്തിയ സംഘത്തെ വലിയ പാലത്തിൽ വച്ച് വലിയകോയിക്കൽ ക്ഷേത്രോപദേശക സമിതിയും നഗരസഭാ ഭരണസമതിയും സ്വീകരിച്ചു.
മണികണ്ഠനാൽത്തറയിൽ അയ്യപ്പസേവാസംഘം പ്രസിഡന്റ് നരേന്ദ്രൻ നായർ, യോഗക്ഷേമസഭാ ജില്ലാ പ്രസിഡന്റ് ഹരികുമാർ നമ്പൂതിരി, മുട്ടാർ അയ്യപ്പക്ഷേത്രത്തിനു വേണ്ടി പ്രസിഡന്റ് എം.ബി. ബിനുകുമാർ, സെക്രട്ടറി ജി. വാസുദേവൻ പിള്ള, ട്രഷറർ രാധാകൃഷ്ണൻ നായർ എന്നിവരുടെ നേതൃത്വത്തിലും സ്വീകരിച്ചു.
മേടക്കല്ലിലെത്തിയ സംഘത്തെ പന്തളം കൊട്ടാരം നിർവ്വാഹക സംഘം പ്രസിഡന്റ് ശങ്കർ വർമ്മ, പാലസ് വെൽഫെയർ ട്രസ്റ്റിനു വേണ്ടി പ്രസിഡന്റ് കെ.സി. ഗിരീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ദേവസ്വം ബോർഡും സ്വീകരിച്ചു. തുടർന്ന് കൊട്ടാരം ഭാരവാഹികൾ തിരുവാഭരണങ്ങൾ പരിശോധിച്ച് ഏറ്റുവാങ്ങി സ്രാമ്പിക്കൽ കൊട്ടാരത്തിലെ തിരുവാഭരണ മാളികയിലെ സുരക്ഷിത മുറിയിലേക്കു മാറ്റി.
ഘോഷയാത്രയ്ക്ക് ഉള്ളന്നൂർ കുളക്കരയിൽ ശ്രീ പാർത്ഥസാരഥി സേവാസമിതി, മണ്ണടി പീടികയിൽ ഹൈന്ദവ സേവാ സമിതി, കാഞ്ഞിരമാല പടിയിൽ ശബരിമല അയ്യപ്പ സമാജം, പൈവഴി ജംഗ്ഷനിൽ ഉള്ളന്നൂർ ശ്രീഭദ്രാദേവീ ക്ഷേത്രോപദേശക സമിതി, ബാലഗോകുലം, പാറ ജംഗ്ഷനിൽ ഹിന്ദു ഐക്യവേദി, പുതുവാക്കൽ ഗ്രാമീണ വായനശാല, ഗുരുമന്ദിരത്തിനു മുമ്പിൽ എസ്എൻ.ഡി.പി ശാഖായോഗം ഭാരവാഹികൾ എന്നിവരും സ്വീകരിച്ചു. കുളനടയിൽ പ്രസിഡന്റ് ചിത്തിര സി. ചന്ദ്രന്റെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത്, കുളനട ദേവീക്ഷേത്ര ഭരണ സമിതി, കൈപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രോപദേശക സമിതി, റസിഡന്റ്‌സ് അസോസിയേഷൻ എന്നിവർ സ്വീകരിച്ചു.
ആറന്മുള മങ്ങാട്ട് കൊട്ടാരത്തിൽ 23ന് വൈകിട്ടെത്തി അവിടെ വിശ്രമിച്ച സംഘം ഇന്നലെ പുലർച്ചെ അഞ്ചരയോടെയാണ് അവിടെ നിന്ന് പുറപ്പെട്ടത്. മകരവിളക്കിന് ശബരിമലയിൽ അയ്യപ്പനു ചാർത്താൻ ജനുവരി 13നാണ് തിരുവാഭരണങ്ങൾ പന്തളത്തു നിന്ന് കൊണ്ടുപോയത്. ഇനി പന്തളം വലിയകോയിക്കൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ ഭഗവാന്റെ പിറന്നാളായ കുംഭത്തിലെ ഉത്രം ഉത്സവത്തിനും മേടമാസത്തിലെ വിഷുവിനും തിരുവാഭരണങ്ങൾ ചാർത്തും.