ചെങ്ങന്നൂർ : മുളക്കുഴ പഞ്ചായത്തിലെ ഒന്നാം വാർഡിലെ നികരുംപുറം റോഡ് തകർന്നതോടെ യാത്ര ദുരിതമായി. ചെങ്ങന്നൂരിലെ സമ്പൂർണ കുടിവെള്ള പദ്ധതിയുടെ ആദ്യഘട്ട പണികൾ ആരംഭിച്ചപ്പോൾ നികരുംപുറത്ത് പണിത ശുദ്ധീകരണ ശാലയിലേക്ക് വെള്ളം എത്തിക്കുന്നതിനായി റോഡ് കുഴിച്ച് വലിയ പൈപ്പ് ലൈൻ സ്ഥാപിച്ചതോടെയാണ് റോഡ് തകർന്നത്. കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് ശുദ്ധജല പദ്ധതി നടപ്പാക്കുന്നത്. കിഫ്ബിയുടെ ഫണ്ട് ഉപയോഗിച്ച് തന്നെ റോഡ് നിർമ്മിച്ചു നൽകുമെന്നായിരുന്നു അന്ന് പറഞ്ഞിരുന്നത്. പദ്ധതിയുടെ ഒന്നാം ഘട്ടം പൂർത്തിയായിട്ടും റോഡ് നിർമ്മാണം ആരംഭിച്ചില്ല. ഫണ്ടില്ല എന്ന കാരണം പറഞ്ഞ് അധികൃതർ ഇപ്പോൾ കൈമലർത്തുകയാണ്. ഇതുവഴി പോകുന്ന വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നുണ്ട്. കാൽനട യാത്രപോലും ദുരിതമായതോടെ നാട്ടുകാരുടെ ശ്രമഫലമായി ജെ.സി.ബി ഉപയോഗിച്ച് റോഡ് താത്കാലികമായി നിരപ്പാക്കി. എന്നാൽ ഉയർന്ന പ്രദേശമായ ഇവിടെ അടുത്തു പെയ്ത കനത്ത മഴയിൽ റോഡിലെ മണ്ണ് പൂർണമായും ഒലിച്ചുപോയി. ഇതോടെ തുടർച്ചയായി അപകടങ്ങൾ ഉണ്ടാകുന്നുണ്ട്. കാർ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ ഇതുവഴി പോകുമ്പോൾ ചെമ്മണ്ണിന്റെ പൊടികൾ പറന്നുയരുന്നത് യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു. സമീപത്തെ വീടുകളിലും പൊടി ശല്യം രൂക്ഷമാണ്. ചീക്കാംപറ ഭാഗത്ത് റോഡിനോട് അടുത്തായി നിരവധി കുടുംബങ്ങളാണ് താമസിക്കുന്നത്. സ്വകാര്യ ആയുർവേദ ആശുപത്രി, ശ്രീ വള്ളൂർഗിരി മഹാദേവ ക്ഷേത്രം, മാർത്തോമ്മാ ചർച്ച് എന്നിവ റോഡരികിലാണ്. മലങ്കര സുറിയാനി കത്തോലിക്ക പള്ളിയിലേക്കും സെന്റ് ആനീസ് പുത്തൻകാവ് റോഡിലേക്കും പിരളശ്ശേരി . ചെങ്ങന്നൂർ ഐ.ടി.ഐ ഭാഗത്തേക്കും പോകാൻ നാട്ടുകാർ ആശ്രയിക്കുന്നത് ഇൗ റോഡാണ്. അറ്റകുറ്റപ്പണിക്ക് നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസിയായ അശോകൻ ആവശ്യപ്പെട്ടു.