
ചെങ്ങന്നൂർ: ബംഗളുരുവിൽ നിന്ന് കടത്തിക്കൊണ്ട് വന്ന് വിൽപനയ്ക്കായി കൈവശം സൂക്ഷിച്ചിരുന്ന 11.80 ഗ്രാം എം.ഡി.എം.എ യുമായി യുവാവ് പൊലീസ് പിടിയിൽ. ചെങ്ങന്നൂർ അങ്ങാടിക്കൽ തെക്ക് മാതിരംപള്ളിൽ ജെ.ജെ വില്ലയിൽ ജിത്തു ജോൺ ജോർജ്ജ് (23) ആണ് പിടിയിലായത്. ചൊവ്വാഴ്ച വൈകിട്ട് 7.45 ഓടെ ചെങ്ങന്നൂർ പൊലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്‌പെക്ടർ വി.എസ് ശ്രീജിത്തും സംഘവും പട്രോളിംഗ് നടത്തുന്നതിനിടെ ചെങ്ങന്നൂർ ഐ.ടി.ഐ.ക്ക് സമീപം വച്ചാണ് പ്രതിയെ പിടികൂടിയത്. വിൽക്കുന്നതിനായി വാങ്ങിക്കൊണ്ടു വന്നതാണെന്ന് ഇയാൾ പറഞ്ഞു. ഇയാളിൽ നിന്ന് മയക്കു മരുന്ന് വാങ്ങി ഉപയോഗിക്കുന്ന ആളുകളെ കണ്ടെത്താനുള്ള അന്വേഷണം നടത്തുമെന്ന് ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ. വിപിൻ എ.സി പറഞ്ഞു. മാർക്കറ്റിൽ ഒരു ലക്ഷം രൂപ വിലവരുന്ന എം ഡി എം എ ആണ് പിടികൂടിയത്. ജില്ലാ പൊലീസ് മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ആന്റി നാർക്കോട്ടിക്സ് സ്‌ക്വാഡ് ചെങ്ങന്നൂർ ഭാഗത്ത് മയക്കു മരുന്നുമായി ബന്ധമുള്ളവർക്കായി ഊർജ്ജിതമായ തെരച്ചിൽ ആരംഭിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.