
മല്ലപ്പള്ളി : പെരുമ്പെട്ടി ഗവ.എൽപി സ്‌കൂളിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി ഒരു കോടി അഞ്ചു ലക്ഷം രൂപ അനുവദിച്ചതായി പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് പ്ലാൻ ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചിരിക്കുന്നത്.
കാലപ്പഴക്കത്താൽ മഴക്കാലത്ത് ചോരുന്ന പഴയ കെട്ടിടം ഇപ്പോൾ തകരഷീറ്റ് പാകിസംരക്ഷിച്ചിരിക്കുകയാണ്. നല്ല നിലയിൽ പ്രവർത്തിക്കുന്ന സ്‌കൂളിന്റെ ദുരവസ്ഥ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സ്‌കൂളിന് പുതിയ കെട്ടിടം നിർമ്മിക്കണം എന്ന് എംഎൽഎ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയോട് അഭ്യർത്ഥിച്ചത്. ഇതിന്റെ ഫലമായാണ് ഇപ്പോൾ പുതിയ സ്‌കൂൾ കെട്ടിടത്തിന് പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി തുക അനുവദിച്ചിരിക്കുന്നത്.
കുട്ടികൾക്കുള്ള ക്ലാസ് മുറികൾ, അദ്ധ്യാപകരുടെ മുറി, ഓഫീസ് മുറി, ടോയ്‌ലറ്റ് സംവിധാനം എന്നിവയെല്ലാം പുതിയ കെട്ടിടത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.