മല്ലപ്പള്ളി : വാലാങ്കര - അയിരൂർ റോഡിന്റെ സംരക്ഷണ ഭിത്തി തകർന്നിട്ട് ഒരുവർഷം പിന്നിട്ടിട്ടും അധികൃതർ നടപടി എടുക്കുന്നില്ല. വെണ്ണിക്കുളം ബഥനിപ്പടിയ്ക്കും മുതുപാല വഞ്ചികപ്പാറക്കും ഇടയിലുള്ള വളവിലാണ് തകർച്ച. 2022 ഓഗസ്റ്റ് ആദ്യവാരത്തിൽ കനത്ത മഴയിൽ തോട്ടിലെ ശക്തമായ നീരൊഴുക്കാണ് സംരക്ഷണഭിത്തി ഇടിയാൻ കാരണം. 40 മീറ്ററോളം കരിങ്കൽ ഭിത്തി തകർന്നിട്ടുണ്ട്. രണ്ടടിയിലേറെ കെട്ടിന് ഇരുത്തിയിട്ടുണ്ട്. ഇരുവശങ്ങളിലും കാട് നിറഞ്ഞ നിൽക്കുന്നതിനാൽ അപകട സാദ്ധ്യത ഏറെയാണ് . അപകടമുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കുന്നതിന് പകരം ഒഴിഞ്ഞ വീപ്പുകളിൽ റിബൺ കെട്ടിവച്ചാണ് അപായ സൂചന നൽകുന്നത്. റോഡ് ബി.എം ആൻഡ് ബി.സി നിലവാരത്തിൽ നവീകരിക്കുന്ന പ്രവർത്തികൾ ഒന്നര വർഷത്തിലേറെയായി ഇവിടെ നിലച്ചിരിക്കുകയാണ്. ഇതിനോടകം ഒട്ടേറെ അപകടങ്ങളും ഉണ്ടായി. മുതുപാല സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിക്ക് സമീപം പാറവെയിസ്റ്റ് മാത്രമാണ് ഉറപ്പിച്ചിരിക്കുന്നത്. വേനൽക്കാലത്ത് പൊടി ശല്യവും മഴക്കാലത്ത് വെള്ളക്കെട്ടും മൂലം ദുരിതമനുഭവിക്കേണ്ട സ്ഥിതിയിലാണ് ഇവിടുത്തെ പ്രദേശവാസികളും, യാത്രക്കാരും. നിർമ്മാണ പൂർത്തീകരണത്തിനായി കൂടുതൽ തുക അനുവദിച്ചെങ്കിലും പ്രവർത്തികൾ അനന്തരമായി നീളുകയാണ്.
ആദ്യഘട്ട പദ്ധതിയിൽ ഉള്ളത്
2022 ജൂണിൽ 22,7635 കോടി രൂപയ്ക്ക് പുതുക്കൽ. തുടർന്ന് പുതുക്കിയ കെ.ആർ.എഫ്.ബി അനുമതി ലഭിച്ചതായുള്ള പ്രഖ്യാപനം. പിന്നീടുള്ള മൂന്നുമാസം പ്രവർത്തികൾ നടന്നില്ല. ഒന്നാംഘട്ട ടാറിംഗ് പൂർത്തിയാക്കിയ ഭാഗങ്ങളിൽ അടക്കം വൈദ്യുതി ടെലിഫോൺ പോസ്റ്റുകൾ പാതയുടെ മദ്ധ്യത്തിലേക്ക് വരെ കയറി നിൽക്കുകയാണ്. കരാർ പ്രവർത്തിയിൽ താഴ്ന്ന പ്രദേശങ്ങൾ ഉയർത്തി വീതി കൂട്ടി ബി.എം , ബി.സി നിലവാരത്തിലുള്ള നിർമ്മാണവും, ഇരുവശങ്ങളിലുമായി 6850 മീറ്റർ ഓടയും, 32 പുതിയ പൈപ്പ് കലുങ്കുകൾ, നിലവിലുള്ള മൂന്നു കലിങ്കുകളുടെ വീതി വർദ്ധിപ്പിക്കൽ, 36 മീറ്റർ സംരക്ഷണഭിത്തി നിർമ്മാണം ,1800 ചതുരശ്ര മീറ്റർ ഇന്റർലോക്ക് നിർമ്മാണം, കാഴ്ചയുള്ള ഭാഗങ്ങളിൽ 300 മീറ്റർ ക്രാഷ് ബാരിയർ എന്നിവയാണ് പദ്ധതിയിൽ നിഷ്‌കർഷിച്ചിരുന്നത്.
അധികൃതർ അനാസ്ഥയെന്ന് ആരോപണം
നാട്ടുകാർ സൗജന്യമായി വിട്ടു നൽകിയ സ്ഥലം ഉൾപ്പെടുത്തി 10 മീറ്റർ വീതിയിലാണ് റോഡ് നിർമ്മിക്കുന്നത്.എന്നാൽ റോഡിന്റെ തുടക്കത്തിലെ നാല് കിലോമീറ്റർ ദൂരം മാത്രമാണ് വീതി വർദ്ധിപ്പിച്ച് നിർമ്മാണം നടത്തിയത്. 2017 സെപ്റ്റംബർ കിഫ്ബിയിൽ ഉൾപ്പെടുത്തി. 2018ൽ സാങ്കേതിക അനുമതി ലഭിച്ചു. 2019 ഫെബ്രുവരിയിൽ 20.21 കോടി രൂപയ്ക്ക് സ്വകാര്യ കമ്പനി നിർമ്മാണ ചുമതല ഏറ്റെടുത്തു. നിർമ്മാണ കാലാവധി 9 മാസമായിരുന്നു.
.....................................................
അശാസ്ത്രീയ നിർമ്മാണവും, അധികൃതരുടെ അനാസ്ഥയുമാണ് റോഡ് നിർമ്മാണം പൂർത്തീകരിക്കാൻ കഴിയാത്തത്. അടിയന്തരമായി പ്രശ്നത്തിന് പരിഹാരം കാണണം. ഇല്ലെങ്കിൽ വലിയ അപകടം വരുത്തി വയ്ക്കും.
(നാട്ടുകാർ)