road-
കുരുമ്പൻമൂഴി മുതൽ മണക്കയം പാതയിൽ ഉറപ്പിച്ച മെറ്റൽ ഇളകിയ അവസ്ഥയിൽ

റാന്നി: കേരള പുനർ നിർമ്മാണ പദ്ധതിയിൽ ഉൾപ്പെടുത്തിയ കുരുമ്പൻമൂഴി - മണക്കയം പാതയുടെ നിർമ്മാണം വൈകുന്നു. മെറ്റിൽ വിരിച്ചു ഉറപ്പിച്ചിരുന്നെങ്കിലും കോൺക്രീറ്റ് ഉൾപ്പടെയുള്ള ജോലികളാണ് വൈകുന്നത്. വാർഡ് മെമ്പർ ഉൾപ്പടെ കരാർ കമ്പനിയെ ബന്ധപ്പെടുമ്പോൾ ബില്ല് മാറി കിട്ടുന്നതിൽ വരുന്ന കാലതാമസം മൂലമാണ് കോൺക്രീറ്റ് ജോലികൾ വൈകുന്നതെന്നാണ് അറിയാൻ കഴിഞ്ഞത്. രണ്ടര കിലോമീറ്ററോളം വരുന്ന ഇതേ റോഡിന്റെ പെരുന്തേനരുവി മുതൽ കുരുമ്പൻമൂഴി വരെ ഏകദേശം ഒരു കിലോമീറ്റർ കൺക്രീറ്റ് ജോലികൾ രണ്ടു മാസം മുമ്പ് കഴിഞ്ഞിരുന്നു. ഈ പ്രദേശത്ത് വശങ്ങൾ മണ്ണിട്ട് നികത്തി കോൺക്രീറ്റ് ചെയ്യാത്തത് കൊണ്ട് വലിയ കട്ടിംഗ് രൂപപ്പെട്ടിരിക്കുകയാണ്. പാർട്ട് ബില്ല് മാറി കിട്ടുന്ന മുറക്കെ ജോലികൾ തുടങ്ങുകയുള്ളു എന്നാണ് കരാർ കമ്പനി അറിയിക്കുന്നത്. രണ്ടര കിലോമീറ്റർ റോഡ് നിർമ്മാണത്തിനായി ഒരു കോടി 70 ലക്ഷം രൂപയാണ് ചിലവ് വരുക. മാസങ്ങൾക്ക് മുമ്പ് കുരുമ്പൻമൂഴി - മണക്കയം റോഡിൽ ജി.എസ്.പി നിരത്തി ഉറപ്പിക്കുന്ന ജോലികൾ പൂർത്തിയാക്കിയിരുന്നു. എന്നാൽ മഴയിലും വാഹനങ്ങൾ കടന്നു പോകുന്നത് മൂലവും മെറ്റിൽ ഇളകിയ അവസ്ഥയിലാണ് കാൽനട യാത്രക്കാർക്കും ഇരുചക്ര വാഹന യാത്രക്കാരും ഇതുമൂലം ഏറെ ബുദ്ധിമുട്ടിലാണ്.