team
പുഷ്പഗിരിയിൽ എ.ബി.ഒ വൃക്ക മാറ്റിവെയ്ക്കലിന് വിധേയനായ ജോബിനും കുടുംബത്തിനുമൊപ്പം ഡോക്ടർമാർ

തിരുവല്ല: പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ വ്യത്യസ്ത ബ്ലഡ് ഗ്രൂപ്പിലുള്ളവർ തമ്മിലുള്ള വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി. എ ബ്ലഡ് ഗ്രൂപ്പുള്ള ഇടുക്കി സ്വദേശിയായ ജോബിൻ തോമസിന് (31) ബി ബ്ലഡ് ഗ്രൂപ്പുള്ള ഭാര്യ ആതിര ഷാജി (23)യുടെ വൃക്കയാണ് മാറ്റിവച്ചത്. കഴിഞ്ഞ മാർച്ചിലാണ് ജോബിന് വൃക്കരോഗം സ്ഥിരീകരിച്ചത്. സ്വന്തം ബ്ലഡ് ഗ്രൂപ്പിലുള്ള ദാതാവിനെ കണ്ടെത്താൻ വൈകിയതോടെ ഡയാലിസിസ് തുടരുകയായിരുന്നു റോബിൻ. ഇതിനിടെയാണ് വ്യത്യസ്ത ബ്ലഡ് ഗ്രൂപ്പുകൾ തമ്മിലുള്ള വൃക്ക മാറ്റിവയ്ക്കൽ സാദ്ധ്യമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചത്. ഇതേതുടർന്ന് ജോബിന് വൃക്ക നൽകാൻ ഭാര്യ സന്നദ്ധമാകുകയായിരുന്നു. കഴിഞ്ഞ നവംബർ 22ന് വൃക്കമാറ്റി വയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായി. രണ്ടാഴ്ചയ്ക്ക് ശേഷം പൂർണ ആരോഗ്യവാനായി ആശുപത്രിയിൽ നിന്ന് മടങ്ങി. എ.ബി.ഒ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമാക്കിയ മദ്ധ്യതിരുവിതാംകൂറിലെ ആദ്യ ആശുപത്രി പുഷ്പഗിരിയാണെന്ന് മെഡിക്കൽ സൂപ്രണ്ട് ഡോ.ഏബ്രഹാം വർഗീസ്, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ.സാംസൺ സാമുവൽ എന്നിവർ പറഞ്ഞു. യൂറോളജി വിഭാഗം മേധാവി ഡോ. നെബു ഐസക് മാമ്മൻ, നെഫ്രോളജി വിഭാഗം മേധാവി ഡോ.റീനാ തോമസ്, ഡോ.സുബാഷ് ബി.പിള്ള, ഡോ.ജിത്തു കുര്യൻ, ഡോ.സതീഷ് ബാലകൃഷ്ണൻ എന്നിവരാണ് അതിസങ്കീർണ്ണ ശസ്ത്രക്രിയക്ക് നേതൃത്വം വഹിച്ചത്.