ffff
പനന്തോപ്പ് ഭാഗത്ത് വനപാലകർ പരിശോധന നടത്തുന്നു

പത്തനംതിട്ട : കുമ്പഴയിൽ വന്യജീവിയുടെ ആക്രമണത്തിൽ വ്യാപാരിക്ക് പരിക്ക്. പനന്തോപ്പ് പുത്തൻവീട്ടിൽ ഗോപാലനാണ് (72) പരിക്കേറ്റത്. വീടിന് സമീപം കട നടത്തുന്ന ഗോപാലൻ ഇന്നലെ രാവിലെ ഏഴിന് എത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. കൈക്കും കാലിനും തലയ്ക്കും പരിക്കേറ്റ ഗോപാലനെ പത്തനംതിട്ട ജനറൽ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുത്തേറ്റയുടൻ ഗോപാലൻ ബോധരഹിതനായി വീണു. കടയ്ക്ക് മുന്നിൽ കുത്തിയിരുന്ന സമയത്ത് പിന്നിൽ നിന്ന് ഒരു ജീവി കുത്തിയെന്നാണ് സാധാരണ നില വീണ്ടെടുത്ത ഗോപാലൻ വനപാലകരോട് പറഞ്ഞത്. ജീവിയെ കണ്ടില്ല.

കോന്നി ഡെപ്യൂട്ടി റേഞ്ച് ഒാഫീസർ എം.നൗഷാദ്, സെക്ഷൻ ഫോറസ്റ്റ് ഒാഫീസർമാരായ എ.എസ്.മനോജ്, ടി.മധുസൂദനൻപിള്ള, എ.നജുമുദ്ദീൻ, ബി.എഫ്.ഒമാരായ സന്തോഷ്, ഗോപകുമാർ, അജിത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തെരച്ചിൽ നടത്തിയത്.

ആക്രമിച്ചത് കരടിയോ?

ഗോപാലനെ ആക്രമിച്ചത് കരടിയാണെന്ന് നാട്ടിൽ അഭ്യൂഹം പരന്നു. അലർച്ച കേട്ടു നോക്കിയപ്പോൾ കരടിയെപ്പോലെ ഒരുജീവി ഒാടിപ്പോകുന്നത് കണ്ടുവെന്ന് അയൽക്കാരനായ രാജു പറഞ്ഞു. സംഭവം അറിഞ്ഞ് കോന്നിയിൽ നിന്ന് നാൽപ്പതോളം പേരടങ്ങുന്ന വനപാലകർ സ്ഥലത്ത് തെരച്ചിൽ നടത്തിയെങ്കിലും ഒരു ജീവിയെയും കണ്ടില്ല. മണ്ണ് ഉണങ്ങി കിടക്കുന്നതിനാൽ ജീവിയുടെ കാൽപ്പാടുകൾ പതിഞ്ഞിട്ടില്ല. ആക്രമണത്തിന്റെ സ്വഭാവം പരിശോധിച്ചതിൽ കാട്ടുപന്നിയെന്നാണ് വനപാലകരുടെ നിഗമനം.

സംഭവം ഇന്നലെ രാവിലെ 7ന്

വന്യജീവിയെ കുടുക്കാനുള്ള ഉപകരണങ്ങളുമായി ഇന്നും

തെരച്ചിൽ നടത്തും.

കോന്നി ഫോറസ്റ്റ് റേഞ്ച് ഒാഫീസ് അധികൃതർ