
പ്രമാടം : പകർച്ചപ്പനിക്ക് പിന്നാലെ ഡെങ്കിപ്പനി ബാധിതരുടെ എണ്ണവും കുതിച്ചുയരാൻ തുടങ്ങിയതോടെ ആരോഗ്യ വകുപ്പ് ജാഗ്രതാനിർദ്ദേശം നൽകി. കൊതുക് പരത്തുന്ന രോഗമായതിനാൽ വെള്ളം കെട്ടിനിൽക്കുന്നതും കൊതുകുകൾ പെരുകുന്നതും ഒഴിവാക്കാൻ കർശന നിർദ്ദേശം നൽകി. കോന്നി താലൂക്കിൽ നൂറോളം പേരിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. നിരവധി ആളുകൾ ചികിത്സയിലുമാണ്. സാധാരണ ഡെങ്കി , രക്തസ്രാവത്തോടെയുള്ള ഡെങ്കി, ആഘാതാവസ്ഥയോടുകൂടിയ ഡെങ്കി എന്നിങ്ങനെ ഡെങ്കിപ്പനിയെ മൂന്നായി തിരിച്ചാണ് പരിശോധന നടത്തുന്നത്. കൊതുക് പരത്തുന്ന രോഗാണുക്കൾ മനുഷ്യശരീരത്തിൽ എത്തി മൂന്ന് ദിവസം പിന്നിടുമ്പോൾ പനി തുടങ്ങിയ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും.
രോഗ ലക്ഷണങ്ങൾ
പെട്ടെന്നുള്ള കഠിനമായ പനി, അസഹ്യമായ തലവേദന, നേത്രഗോളങ്ങളുടെ പിന്നിലെ വേദന, സന്ധികളിലും മാംസപേശികളിലും വേദന, വിശപ്പില്ലായ്മ, രുചിയില്ലായ്മ, മനംപുരട്ടലും ഛർദിയും. മൂന്നുനാല് ദിവസത്തെ ശക്തമായ പനിക്കുശേഷം ഏതാനും നാൾ രോഗലക്ഷണങ്ങൾ ഒന്നും ഇല്ലാതിരിക്കുകയും വീണ്ടും പനി ഉണ്ടാകുന്നതും ഡെങ്കിയുടെ ലക്ഷണമാണ്.
പ്രതിരോധ മാർഗങ്ങൾ
കൊതുകിനെ പ്രതിരോധിക്കുകയാണ് പ്രധാന പോംവഴി. കൊതുക് മുട്ടയിടാവുന്ന എല്ലാ വെള്ളക്കെട്ടുകളും ഒഴിവാക്കണം. രോഗം ബാധിതരെ കൊതുക് വലയ്ക്കുള്ളിൽ കിടത്തി ചികിത്സിക്കണം.
ജാഗ്രത പാലിക്കണം
ഡെങ്കിപ്പനി വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ സ്വയം ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. രോഗവ്യാപനം നിയന്ത്രണത്തിലാണ്. എന്നാൽ ജാഗ്രതക്കുറവ് അതിവ്യാപനത്തിന് കാരണമായേക്കാം.