
മണ്ണടി : ലഹരിക്കെതിരെ പ്രതിരോധമുയർത്തി കേരളകൗമുദി - എക്സൈസ് ബോധപൗർണ്ണമി സെമിനാർ. മണ്ണടി ഹൈസ്കൂൾ ആൻഡ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച സെമിനാർ കടമ്പനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ് ഉദ്ഘാടനം ചെയ്തു. കുട്ടികളിൽ ലഹരിക്കെതിരെയുള്ള തിരിച്ചറിവ് പകരുന്ന കേരളകൗമുദിയുടെ പ്രവർത്തനം അഭിനന്ദനാർഹമാണെന്ന് അവർ പറഞ്ഞു. സ്കൂൾ ഹെഡ്മിസ്ട്രസ് മഞ്ചു ജി.ജെ അദ്ധ്യക്ഷതവഹിച്ചു. കേരളകൗമുദി പത്തനംതിട്ട യൂണിറ്റ് സർക്കുലേഷൻ മാനേജർ എസ്.അനിൽ കുമാർ പദ്ധതി വിശദീകരിച്ചു. സ്കൂൾ മാനേജർ ഡോ.പി.ശ്രീദേവി, കേരളകൗമുദി ലേഖകൻ അടൂർ പ്രദീപ് കുമാർ എന്നിവർ പ്രസംഗിച്ചു. സ്റ്റാഫ് സെക്രട്ടറി ബി.സനൽ കുമാർ സ്വാഗതവും ജെ.ആർ.സി സംസ്ഥാന കോ - ഒാർഡിനേറ്റർ ആർ.ശിവൻപിള്ള നന്ദിയും പറഞ്ഞു.
ലഹരി നൽകുന്നത് നഷ്ടങ്ങൾ മാത്രം
കഴിവുകളെ ഇല്ലാതാക്കാനേ ലഹരിയുടെ ഉപയോഗം വഴിവെക്കൂവെന്ന് ക്ളാസ് നയിച്ച സിവിൽ എക്സൈസ് ഒാഫീസറും ജില്ലാ വിമുക്തി മെന്ററുമായ ബിനു വി.വർഗീസ് പറഞ്ഞു. ലഹരി ഉപയോഗിക്കുന്നതിലൂടെ ജീവിതത്തിലുണ്ടാകുന്ന നഷ്ടങ്ങൾ നികത്താനാവാത്തതാണ്. ജീവിതത്തെക്കുറിച്ച് ചിന്തിച്ചുകൊണ്ടുവേണം മുന്നോട്ടുപോകാൻ. തിരിച്ചറിവുകളാണ് കുട്ടികൾക്ക് ആവശ്യം. പഠനമായിരിക്കണം കുട്ടികൾക്ക് ഏറ്റവും ആവശ്യം വേണ്ടുന്ന ലഹരി. ഒപ്പം മറ്റുകഴിവുകളും വികസിപ്പിക്കണം. ലഹരിയുടെ പുറകേപോയാൽ എന്തെല്ലാം കഴിവുകൾ ഉണ്ടായാലും ക്ഷയിച്ചുപോകും. ലഹരിവസ്തുക്കൾ ഇന്ത്യയിലെ യുവത്വത്തെ നശിപ്പിക്കുകയാണ്. അതിനാൽ ലഹരിക്കെതിരെ കനത്ത ജാഗ്രത കുട്ടികൾ പുലർത്തണം. അപരിചിതർ തരുന്ന മിഠായിപോലും വാങ്ങി കഴിക്കരുത്. ലഹരിയുടെ ഉപയോഗം വഴി ഉണ്ടായ വിവിധ ദുരന്തങ്ങളുടേയും ലഹരി ഉപയോഗിക്കാത്തവർ ജീവിതത്തിന്റെ ഉന്നതമേഖലകളിൽ എത്തിയതിന്റെയും ചിത്രങ്ങൾ പ്രദർശിപ്പിച്ചായിരുന്നു ബിനു വി. വർഗീസ് ക്ളാസ് നയിച്ചത്.