കോന്നി: കോന്നി മെഡിക്കൽ കോളജിലെ പീഡിയാട്രിക് ഐ.സി.യുവിന്റെയും ബോയ്സ് ഹോസ്റ്റലിന്റെയും ഉദ്ഘാടനവും മൈലപ്ര, മലയാലപ്പുഴ, കൂടൽ,കുടുംബാരോഗ്യകേന്ദ്രങ്ങളുടെ നിർമ്മാണോദ്ഘാടനവും നാളെ മന്ത്രി വീണാജോർജ് നിർവഹിക്കുമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. കിഫ്ബി ഫണ്ടിലൂടെ 352 കോടി രൂപയുടെ വികസനപ്രവർത്തനങ്ങളാണ് മെഡിക്കൽ കോളേജിൽ നടന്നുവരുന്നത്. ആരോഗ്യമേഖലയുടെ സമഗ്രവികസനം ലക്ഷ്യമിട്ടുകൊണ്ട് ആരോഗ്യ ഉപകേന്ദ്രങ്ങൾക്ക് പുതിയ കെട്ടിടങ്ങൾ നിർ മ്മിക്കുകയാണ്. മണ്ഡലത്തിലെ എട്ട് ആരോഗ്യഉപകേന്ദ്രങ്ങൾക്ക് പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിന് 55.5 ലക്ഷം രൂപ വീതം അനുവദിച്ചിട്ടുണ്ട്. മലയാലപ്പുഴ പഞ്ചായത്തിലെ കാഞ്ഞിരപ്പാറ, പുതുക്കുളം, അരുവാപ്പുലം പഞ്ചായത്തിലെ വയക്കര, മുതുപേഴുങ്കൽ, സീതത്തോട് പഞ്ചായത്തിലെ കോട്ടമൺപാറ, കൊച്ചുകോയിക്കൽ, കലഞ്ഞൂർ പഞ്ചായത്തിലെ ഇടത്തറ, തണ്ണിത്തോട് പഞ്ചായത്തിലെ പ്ലാന്റേഷൻ എന്നിവയ്ക്കാണ് തുക അനുവദിച്ചത്. കോന്നിയിൽ ആധുനിക നിലവാരത്തിലുള്ള ചികിത്സയും വിദ്യാഭ്യാസവും ഗവേഷണവും ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് എം.എൽ.എ പറഞ്ഞു.
എൻ.എച്ച്.എമ്മിൽ നിന്ന് 15 ലക്ഷം രൂപ മുതൽമുടക്കിൽ 2000 സ്‌ക്വയർ ഫീറ്റിൽ നിർമ്മിച്ചിരിക്കുന്ന പീഡിയാട്രിക് ഐ.സി.യുവിൽ 15 കിടക്കകളുണ്ട്. 12 കോടി രൂപ ചെലവിൽ 40,000 സ്‌ക്വയർ ഫീറ്റിലാണ് അഞ്ച് നിലകളോടുകൂടിയ ബോയ്സ് ഹോസ്റ്റലിന്റെ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. 200 വിദ്യാർത്ഥികൾക്കുള്ള താമസസൗകര്യത്തിനോടൊപ്പം മെസ് ഹാൾ, കിച്ചൻ, ഡൈനിങ്, റെക്കോർഡിങ് റൂം, ഗസ്റ്റ് റൂം തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. മെഡിക്കൽ കോളേജിലെ നാലു കെട്ടിടങ്ങളുടെ നിർമ്മാണവും 11 നിലകളിലായി 40 അപ്പാർട്‌മെന്റുകൾ ഉൾപ്പെടുത്തിയ രണ്ട് ക്വാട്ടേഴ്സ് സമുച്ചങ്ങളുടെ നിർമ്മാണവും പുരോഗമിക്കുന്നുണ്ട്.
കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി
എല്ലാ കുടുംബങ്ങൾക്കും മെച്ചപ്പെട്ട ആരോഗ്യപരിരക്ഷ ഉറപ്പുനൽകി കോന്നി മണ്ഡലത്തിലെ എല്ലാ പ്രാഥമികാരോഗ്യകേന്ദ്രങ്ങളേയും കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി ഉയർത്തിയിട്ടുണ്ട്. മണ്ഡലത്തിലെ എല്ലാ ആരോഗ്യകേന്ദ്രങ്ങൾക്കും ആംബുലൻസ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ആർദ്രം മിഷനിൽ ഉൾപ്പെടുത്തി 1.43 കോടി രൂപ ചെലവിൽ മൈലപ്രയിലും 7.62 കോടി രൂപ ഉപയോഗിച്ച് മലയാലപ്പുഴയിലും 6.62 കോടി രൂപ ഉപയോഗിച്ച് കൂടലിലും കുടുംബാരോഗ്യകേന്ദ്രങ്ങളുടെ പുതിയ കെട്ടിട നിർമ്മാണം നടത്തുന്നത്. ഏനാദിമംഗലം സാമൂഹികാരോഗ്യകേന്ദ്രത്തിന് എട്ട് കോടി രൂപ ചിചെലവിൽ പുതിയ കെട്ടിടം നിർമ്മിച്ചു. 36ലക്ഷം രൂപയുടെ ഒ.പി നിർമ്മാണപ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. വള്ളിക്കോട് കുടുംബാരോഗ്യകേന്ദ്രത്തെ ബ്ലോക്ക് ആരോഗ്യകേന്ദ്രമായി ഉയർത്തി. ഒരു കോടി ഏഴ് ലക്ഷം രൂപയുടെ നിർമ്മാണപ്രവർത്തനങ്ങളാണ് ഇവിടെ നടക്കുന്നത്. കൊക്കാത്തോട് കുടുംബാരോഗ്യകേന്ദ്രത്തിൽ ഒരു കോടി 32 ലക്ഷം രൂപയുടെ നിർമ്മാണപ്രവർത്തനങ്ങളും പ്രമാടം, തണ്ണിത്തോട്, സീതത്തോട് ആരോഗ്യകേന്ദ്രങ്ങളുടെ പുതിയ കെട്ടിടനിർമ്മാണവും ഉടൻ ആരംഭിക്കും.