
പത്തനംതിട്ട : ഒഡീഷയിൽ സംസ്ഥാനതല റിപ്പബ്ലിക് പരേഡ് നയിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് 2021 ബാച്ച് ഐ.പി.എസ് ഓഫീസർ ശിൽപ്പ. തിരുവനന്തപുരം തോന്നയ്ക്കൽ ശിൽപ്പം വീട്ടിൽ അനിൽകുമാർ - ബീനാകുമാരി ദമ്പതികളുടെ മകളാണ് ഈ 29കാരി.
ഗവർണർ രഘുബർ ദാസ് സല്യൂട്ട് സ്വീകരിച്ചപ്പോൾ മുഖ്യമന്ത്രി നവീൻ കുമാർ പട്‌നായിക് അടക്കമുള്ളവർ വേദിയിലുണ്ടായിരുന്നു. വിവിധ മേഖലകളിൽ സ്ത്രീകൾ മുന്നോട്ട് വരുന്ന കാലഘട്ടത്തിൽ റിപ്പബ്ലിക്ദിന പരേഡിന് നേതൃത്വം നൽകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് ശിൽപ്പ പറയുന്നു. നാഷണൽ പൊലീസ് അക്കാഡമിയിൽ പരിശീലനം പൂർത്തിയാക്കിയ ശിൽപ്പയുടെ ആദ്യ നിയമനം ഒഡിഷയിലായിരുന്നു. കഴിഞ്ഞ ജനുവരി എട്ടിനാണ് പൊലീസ് ആസ്ഥാനത്ത് എ.എസ്.പിയായി ചുമതലയേൽക്കുന്നത്. ഇപ്പോൾ ഗൻജം എ.എസ്.പി ആണ്. സിവിൽ സർവീസ് ഉദ്യോഗസ്ഥനായ പാലക്കാട് റെയിൽവേ ഡിവിഷൻ അസി. ഓപ്പറേഷൻസ് മാനേജർ പത്തനംതിട്ട ഇലന്തൂർ ഉടയൻകാവിൽ കുടുംബാംഗം പുതിയവീട്ടിൽ തെക്കേതിൽ ഗോപു ആർ.ഉണ്ണിത്താനാണ് ഭർത്താവ്.