
പത്തനംതിട്ട : നവീകരിച്ച പത്തനംതിട്ട നഗരസഭാ മാർക്കറ്റിന്റെ ഉദ്ഘാടനം മന്ത്രി വീണാജോർജ് നിർവഹിച്ചു. ഗുണമേന്മയുള്ള മത്സ്യം ശുചിത്വമുളള പശ്ചാത്തലത്തിൽ ന്യായമായ വിലയ്ക്ക് ഉപഭോക്താക്കൾക്ക് ലഭ്യമാക്കി മത്സ്യത്തൊഴിലാളികളുടെ വരുമാനത്തിൽ വർദ്ധനവ് വരുത്തുക, മത്സ്യവിപണനം വിപുലീകരിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് മാർക്കറ്റ് നവീകരിച്ചത്. കേരള സംസ്ഥാന തീരദേശ വികസന കോർപ്പറേഷൻ മുഖേനയാണ് പ്രവൃത്തികൾ പൂർത്തിയാക്കിയിട്ടുള്ളത്. 400 ചതുരശ്ര അടിയിലധികം വിസ്തൃതിയിൽ മാർക്കറ്റിനായി പുതിയ കെട്ടിടം നിർമിച്ചിട്ടുണ്ട്. കെട്ടിടത്തിൽ ഏഴുകട മുറികളിലായി മത്സ്യ വിപണനത്തിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം 19 സ്റ്റെയിൻലസ് സ്റ്റീൽ മത്സ്യ ഡിസ്‌പ്ലേ ട്രോളികൾ, സ്റ്റെയിൻലസ് സ്റ്റീൽ സിങ്കുകൾ, ഡ്രെയിനേജ് സൗകര്യം എന്നിവയുമുണ്ട്. പൊതുജനങ്ങൾക്ക് സൗകര്യപ്രദമായി മത്സ്യം വാങ്ങാൻ കഴിയുംവിധമാണ് മാർക്കറ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. തറയിൽ തെന്നി വീഴാത്ത തരത്തിലുള്ള ആന്റി സ്‌കിഡ് ഇൻഡസ്ട്രിയൽ ടൈലുകളാണ് പാകിയിട്ടുള്ളത്. ആധുനിക സൗകര്യങ്ങളോടുകൂടിയ ടോയ്‌ലറ്റുകൾ, വാഷ് ഏരിയ തുടങ്ങിവയും മാർക്കറ്റിലുണ്ട്. ഒരു കോടി രൂപ എസ്റ്റിമേറ്റ് ചെയ്ത പദ്ധതിയിൽ 10 ലക്ഷം രൂപ മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്നതിന് ഉപയോഗിക്കും. നഗരസഭാ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന തീരദേശ വികസന കോർപറേഷൻ മാനേജിംഗ് ഡയറക്ടർ പി.എ.ഷെയ്ഖ് പരീത്, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗം സക്കീർ അലങ്കാരത്ത്, ജില്ലാ ആസൂത്രണ സമിതി അംഗം പി.കെ.അനീഷ്, നഗരസഭാ ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെറി അലക്‌സ്, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഇന്ദിരമാണിയമ്മ തുടങ്ങിയവർ പങ്കെടുത്തു.