
തിരുവല്ല: അപ്പർകുട്ടനാടൻ മേഖലയിൽ നെൽകൃഷിയുടെ വിള ഇൻഷുറൻസ് ലഭിക്കാൻ 70% കർഷകർ അപേക്ഷ നൽകി. പ്രകൃതിക്ഷോഭം, വന്യമൃഗങ്ങളുടെ ആക്രമണം എന്നിവ മൂലമുള്ള കൃഷിനാശത്തിന് കർഷകർക്ക് ആശ്വാസമാണ് വിള ഇൻഷുറൻസ്. കൃഷി ചെലവിലുള്ള സാമ്പത്തിക നഷ്ടം ഒരു പരിധിവരെയെങ്കിലും നേരിടാൻ പദ്ധതി സഹായിക്കും. പെരിങ്ങര, നിരണം, കടപ്ര, നെടുമ്പ്രം, കുറ്റൂർ, തിരുവല്ല നഗരസഭ എന്നീ പ്രദേശങ്ങളിൽ കൃഷിചെയ്യുന്ന കർഷകരിൽ ഭൂരിഭാഗവും നെൽകൃഷിക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കാൻ അപേക്ഷ നൽകി. ജില്ലയിൽ ഏറ്റവുമധികം നെൽകൃഷിയുള്ള പെരിങ്ങര പഞ്ചായത്തിൽ മാത്രം വിള ഇൻഷുറൻസ് അപേക്ഷകൾ 87% പൂർത്തിയായി. 25 സെന്റ് സ്ഥലത്ത് മുതൽ 5 ഏക്കറിൽ വരെ കൃഷി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. 25സെന്റിന് 10 രൂപയാണ് കുറഞ്ഞ പ്രീമിയം. നട്ട് അല്ലെങ്കില്‍ വിതച്ചു 15 ദിവസം കഴിഞ്ഞു 2 മാസം വരെ പ്രായമുള്ള നെൽച്ചെടികൾക്ക് ആനുകൂല്യം ലഭിക്കും. 45 ദിവസത്തിനകമുള്ള വിളകൾക്ക് ഹെക്ടറിന് 7,500രൂപ നഷ്ടപരിഹാരം ലഭിക്കും. 45 ദിവസശേഷമുള്ള വിളകൾക്ക് 12,500 രൂപയാണ് നഷ്ടപരിഹാരം. നിർദിഷ്ട കൃഷിസ്ഥലത്തെ മുഴുവന്‍ വിളകളും ഇൻഷുർ ചെയ്തിരിക്കണം. നിശ്ചിത ഫോറത്തിലുള്ള അപേക്ഷയോടൊപ്പം വസ്തുക്കരത്തിന്റെ രസീതും ഹാജരാക്കണം. പ്രീമിയം തുക അടച്ച് ഒരു മാസത്തിനുള്ളിൽ പോളിസി രേഖ ലഭ്യമാകുന്നതാണ്. തുക അടച്ച് ഏഴു ദിവസശേഷം ഇൻഷുറൻസ് പരിരക്ഷ ലഭ്യമായിത്തുടങ്ങും. 15 ദിവസത്തിനകം അപേക്ഷ സമർപ്പിക്കണം.ക്ലെയിമിന്റെ സ്വഭാവം അനുസരിച്ച് പരമാവധി മൂന്നു മാസത്തിനുള്ളിൽ ആനുകൂല്യം ലഭ്യമാകും. കീടരോഗബാധ കൃഷിഭവനില്‍ അറിയിച്ചു വേണ്ട പ്രതിരോധ നടപടികൾ എടുത്തശേഷവും നഷ്ടമുണ്ടായാൽ മാത്രമേ നഷ്ടപരിഹാരം ലഭിക്കൂ.
തെങ്ങ്, വാഴ (ഏത്തൻ, കപ്പവാഴ, പാളയംതോടൻ, റോബസ്റ്റ), പച്ചക്കറി, റബർ, മരച്ചീനി, കരിമ്പ്, ജാതി, മഞ്ഞൾ, കുരുമുളക് തുടങ്ങി ഒട്ടുമിക്ക വിളകൾക്കും ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. കൂടുതൽ വിവരങ്ങൾ കൃഷിഭവനിൽ നിന്ന് ലഭ്യമാണ്.
31ന് മുമ്പ് അപേക്ഷിക്കണം
വിള ഇൻഷുറൻസിന് ഇനിയും അപേക്ഷിക്കാത്ത കർഷകർ ഈമാസം 31ന് മുമ്പ് അപേക്ഷിക്കണമെന്ന് കൃഷി അസി.ഡയറക്ടർ അറിയിച്ചു. ബ്ലോക്ക് പഞ്ചായത്ത്, ജില്ലാപഞ്ചായത്ത് തലങ്ങളിൽ നിന്നുള്ള ആനുകൂല്യങ്ങൾ ലഭിക്കാനും ഇൻഷുറൻസ് ചെയ്യേണ്ടത് അനിവാര്യമാണ്. പാർലമെൻറ് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ വരുംമുമ്പ് പദ്ധതികൾ പൂർത്തീകരിക്കാൻ സമയപരിധിക്കുള്ളിൽ അപേക്ഷിക്കണം.