ഇലവുംതിട്ട: ജനങ്ങളുടെ സജീവമായ പങ്കാളിത്തമാണ് നാടിന്റെ സമഗ്രവികസനത്തിന് ആവശ്യമെന്ന് അഡ്വ. കെ.യു.ജനീഷ്‌കുമാർ എം.എൽ.എ പറഞ്ഞു. ഇലവുംതിട്ട മൂലൂർ സ്മാരക എസ്.എൻ.ഡി.പി ഹാളിൽ നടന്ന സേവാസിന്റെ സെൽഫ് എമർജിംഗ് വില്ലേജ് ത്രൂ അഡ്വാൻസ്ഡ് സപ്പോർട്ട് (നൂതന പിന്തുണയോടെ സ്വാശ്രയത്വത്തിലേക്കുയരുന്ന ഗ്രാമം) ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. അടിസ്ഥാനസൗകര്യ വികസനത്തിൽ മികച്ച മുന്നേറ്റം കാഴ്ചവക്കുന്ന പഞ്ചായത്താണ് മെഴുവേലി. വിദ്യാർത്ഥികൾക്ക് മുന്നോട്ടുപോകാനുള്ള സാദ്ധ്യതകൾ മനസിലാക്കിയാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മെഴുവേലി പഞ്ചായത്തിലെ കുടുംബശ്രീയുടെ 25വർഷത്തെ ചരിത്രം രേഖപ്പെടുത്തിയ ഉണർവ് പുസ്തകവും എം.എൽ.എ പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ അദ്ധ്യക്ഷത വഹിച്ചു. സേവാസിന്റെ സർവേ റിപ്പോർട്ട് മെഴുവേലി പഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധരന് നൽകി അദ്ദേഹം പ്രകാശനം ചെയ്തു. ഡോ. എ. ആർ സുപ്രിയ,കെ.സി രാജഗോപാലൻ, പോൾ രാജൻ,ബി.എസ്. അനീഷ് മോൻ, രജിത കുഞ്ഞുമോൻ, ആർ.അജിത് കുമാർ, അനില ചെറിയാൻ, വിനീത അനിൽ, വി.രാജു, എ.പി ജയലക്ഷ്മി, ത്രിതല പഞ്ചായത്തംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.