ചെങ്ങന്നൂർ: പെരുങ്കുളം പാടത്തെ നഗരസഭാ സ്റ്റേഡിയം നിർമ്മാണം വൈകാതെ പുനരാരംഭിക്കാൻ കഴിയുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ചെങ്ങന്നൂർ ഫെസ്റ്റ് 2024 ലെ വിവിധ മേഖലകളിലുള്ളവർക്കുള്ള അവാർഡ് വിതരണവും സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. പുതിയ ടെന്ററിന്റെ അടിസ്ഥാനത്തിൽ മൂന്നോ നാലോ മാസങ്ങൾക്കുള്ളിൽ സ്റ്റേഡിയം നിർമ്മാണം പുനരാരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സജി ചെറിയാൻ പറഞ്ഞു. സ്റ്റേഡിയം നിർമ്മാണം അനിശ്ചിതമായി വൈകുന്നതിനെക്കുറിച്ച് കേരള കൗമുദി 2023 ഫെബ്രുവരി 21നും ഈ മാസം 12നും വാർത്ത നൽകിയിരുന്നു. മാദ്ധ്യമ പ്രവർത്തനത്തിന് പത്മഭൂഷൺ പോത്തൻ ജോസഫ് സ്മാരക അവാർഡ് കെ.ഷിബുരാജനും, കലാസാഹിത്യ രംഗത്തെ പത്മശ്രീ ഗുരു ചെങ്ങന്നൂർ രാമൻപിള്ള സ്മാരക അവാർഡ് കെ.രാജഗോപാലിനും, കായിക രംഗത്തെ പത്മശ്രീ പി.എം ജോസഫ് സ്മാരക അവാർഡ് സാബു പി സാമുവലിനും മന്ത്രി വിതരണം ചെയ്തു. താലൂക്കിലെ മികച്ച കൃഷി ഓഫീസർക്കുള്ള ആദരവ് നഗരസഭാ കൃഷി ഓഫീസർ കെ.ജി റോയ്, താലൂക്കിലെ മികച്ച കർഷകനായി തെരഞ്ഞെടുക്കപ്പെട്ട കെ.കെ സുനിൽകുമാർ, വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ മികച്ച കർഷകരായി തെരഞ്ഞെടുത്ത എസ്.കെ ശ്രീകുമാർ (നഗരസഭ), കെ.കെ തങ്കപ്പക്കുറുപ്പ് (ആല), പി.കെ ചന്ദ്രൻ (ബുധനൂർ), വി.കെ വിജയൻ (ചെറിയനാട്), എൻഗോപാലകൃഷ്ണൻ നായർ (മാന്നാർ), വി.കെ രാജേന്ദ്രൻ (മുളക്കുഴ), സിബി വർഗീസ് (പാണ്ടനാട്), പി.കെ.മഹേശ്വരൻ (പുലിയൂർ), ഉതുപ്പാൻ കുഞ്ഞച്ചൻ (തിരുവൻവണ്ടൂർ), പി.ജി.രതീഷ് (വെണ്മണി) എന്നിവരെ മന്ത്രി ചടങ്ങിൽ ആദരിച്ചു. ഫെസ്റ്റ് കമ്മിറ്റി കൺവീനർ കെ.ജി കർത്താ അദ്ധ്യക്ഷത വഹിച്ചു. പി.എം തോമസ്, രാധാകൃഷ്ണൻ പാണ്ടനാട്, ജോൺ ദാനിയേൽ, എൻ.സദാശിവൻനായർ, അഡ്വ.പി.ആർ.പ്രദീപ് കുമാർ, മോഹൻ കൊട്ടാരത്തുപറമ്പിൽ, അഡ്വ.ജോർജ് തോമസ്, പ്രതിപാൽ പുളിമൂട്ടിൽ, എം.കെ മനോജ്, കൗൺസിലർ രോഹിത് പി.കുമാർ എന്നിവർ പ്രസംഗിച്ചു.