റാന്നി: തീപിടിത്തത്തിൽ ഇട്ടിയപ്പാറ ടൗണിൽ പ്രവർത്തിച്ചിരുന്ന ഫ്ലവർമിൽ കത്തിനശിച്ചു. ടൗണിലെ ഐത്തല റോഡിൽ മൂഴിക്കൽ ബിൽഡിംഗിൽ പ്രവർത്തിരുന്ന ഫ്ലവർമില്ലാണ് വെള്ളിയാഴ്ച നാലിന് തീപിടിത്തത്തിൽ കത്തി നശിച്ചത്. റാന്നി വൈക്കം സ്വദേശി കോടിയാട്ട് മാത്യൂ സാമുവേലിന്റെ ഉടമസ്ഥതയിലുള്ള ഫ്ലവർ മില്ലാണ് കത്തിയമർന്നത്.സംഭവ സമയത്ത് സ്ഥാപനത്തിൽ ഉടമ മാത്യൂ സാമുവേലും സഹായി സുനിലും കൂടാതെ രണ്ട് വനിതാ ജീവനക്കാരും ഉണ്ടായിരുന്നു. ഉടമ മാത്യുവിനും സഹായി സുനിലിനും നിസാര പൊള്ളലോറ്റു. തുടർന്ന് ഇവരെ സമിപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മില്ലിനകത്തുണ്ടായിരുന്ന ഗ്യാസ് സിലണ്ടറിനുണ്ടായ തീപിടിത്തമാണ് തീ വ്യാപകമായി പടരുവാൻ കാരണമായത്.അഗ്നിരക്ഷാ സേനയുടെ റാന്നിയിൽ നിന്ന് രണ്ടും പത്തനംതിട്ടയിൽ നിന്ന് ഒരു യൂണിറ്റും എത്തി തീ അണക്കാൻ നേതൃത്വം നൽകി. റാന്നി ഇൻസെപെക്ടർ എസ് വിനോദിന്റെ നേതൃത്വത്തിൽ പൊലീസും എത്തിയിരുന്നു. സംഭവം അറിഞ്ഞ് റാന്നി എം.എൽ.എ അഡ്വ. പ്രമോദ് നാരായൺ, പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാർ എന്നിവർ എത്തി സ്ഥിതിഗതികൾ വിലയിരുത്തി.