അടൂർ : പള്ളിക്കലാറിന്റെ നീരൊഴുക്ക് സംരക്ഷിക്കപ്പെടണമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. പള്ളിക്കലാറിന്റെ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നെല്ലിമുകളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. പള്ളികലാറിന്റെ നീരൊഴുക്ക് വീണ്ടെടുക്കുന്നതിലൂടെ സമീപ പ്രദേശങ്ങളിലുള്ളവർക്ക് ശുദ്ധജലം ഉറപ്പാക്കാൻ സാധിക്കും. ആറിന്റെ പല ഭാഗങ്ങളിലും അടിഞ്ഞുകൂടി കിടക്കുന്ന ചെളി നീക്കം ചെയ്ത് ആവശ്യമായ സ്ഥലത്ത് സംരക്ഷണഭിത്തി നിർമ്മിച്ച് ആറിന്റെ സ്വഭാവിക ഒഴുക്ക് വീണ്ടെടുത്ത് സൗന്ദര്യവത്ക്കരണ പ്രവർത്തികൾ നടത്തുകയാണ് ലക്ഷ്യം. പള്ളിക്കലാറിന്റെ സംരക്ഷണം ജനകീയമായി ഏറ്റെടുക്കണം. മണ്ഡലത്തിൽ സ്‌കൂൾ, ആശുപത്രി, റോഡ് തുടങ്ങി വിവിധ മേഖലകളിൽ സമഗ്രമായ വികസനമാണ് നടന്നുവരുന്നത്. കക്ഷി രാഷ്ട്രീയതിനപ്പുറം കൂട്ടായ്മയോടെയുള്ള സഹകരണമാണ് നാടിന്റെ വികസനത്തിനാവശ്യമെന്നും അദ്ദേഹം പറഞ്ഞു. പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.തുളസീധരൻ പിള്ള, അടൂർ നഗരസഭ ചെയർപേഴ്‌സൺ ദിവ്യ റെജി മുഹമ്മദ്, കടമ്പനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ്, വൈസ് പ്രസിഡന്റ് സണ്ണി ജോൺ, പള്ളിക്കൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം മനു, മേജർ ഇറിഗേഷൻ കൺവീനർ എസ്.അനൂപ്, പഞ്ചായത്തംഗങ്ങൾ, രാഷ്ട്രീയ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.