കോന്നി : രാക്ഷസൻപാറയുടെ സംരക്ഷണം നാടിന്റെ ആവശ്യമാണെന്ന് അഡ്വ.കെ.യു ജനീഷ്‌കുമാർ എം.എൽ.എ പറഞ്ഞു. കലഞ്ഞൂർ പഞ്ചായത്തിലെ കൂടൽ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പൂർത്തീകരിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും പുതിയ ആശുപത്രി കെട്ടിടത്തിന്റെ നിർമാണോദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. റവന്യു ഭൂമി പത്തു ദിവസത്തിനുള്ളിൽ അളന്നു തിട്ടപ്പെടുത്തുമെന്നും അതിനായി പ്രത്യേക ടീമിനെ നിയോഗിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്. രാക്ഷസൻപാറയിൽ ടൂറിസം പദ്ധതി നടപ്പാക്കുമെന്നും സംസ്ഥാന സർക്കാർ നാടിനൊപ്പം നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.1.15 കോടി രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം കുടുംബാരോഗ്യകേന്ദ്രത്തിനായി നിർമ്മിച്ചിരിക്കുന്നത്. പുതിയ ആശുപത്രി കെട്ടിടത്തിന്റെ നിർമ്മാണത്തിനായി വകയിരുത്തിയിരിക്കുന്നത് 6.62 കോടി രൂപയാണ്. ആകെ എട്ടേകാൽ കോടി രൂപയാണ് കൂടൽ കുടുംബാരോഗ്യകേന്ദ്രത്തിന്റെ വികസനപ്രവർത്തങ്ങൾക്കായി മാറ്റിവച്ചിട്ടുള്ളത്. കേരളത്തിന് തന്നെ മാതൃകയായ കുടുംബാരോഗ്യകേന്ദ്രമായി കലഞ്ഞൂർ പഞ്ചായത്തിലെ ഈ ആരോഗ്യകേന്ദ്രം മാറ്റാൻ കഴിയും. നിലവിൽ ഉച്ചയ്ക്ക് രണ്ടു വരെയുള്ള ഒ.പി ഏതാനും ദിവസങ്ങൾക്കുള്ളിൽ വൈകിട്ട് ആറു വരെയായി നീട്ടാൻ കഴിയും. .പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ തുളസീധരൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. വി.കെ ജാസ്മിൻ ടി.വി.പുഷ്പവല്ലി,ഡോ. എൽ. അനിതകുമാരി, ഡോ. എസ്. ശ്രീകുമാർ, ഡോ. അംജിത്ത് രാജീവൻ, പഞ്ചായത്ത് അംഗങ്ങൾ, ഡോ. ജീവൻ കെ നായർ, രാഷ്ട്രീയ പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.