ചെങ്ങന്നൂർ: ഇക്കോ ടൂറിസം പദ്ധതി വിഭാവനം ചെയ്ത പൂമലച്ചാൽ ഭാഗത്തെ റോഡുകൾ തകർന്നതോടെ യാത്ര ദുരിതമായി. ആലാ പഞ്ചായത്ത് 3-ാം വാർഡിലുടെയും പുലിയൂർ പഞ്ചായത്ത് 5-ാം വാർഡിലുടെയും പൂമലച്ചാൽ ചുറ്റി കടന്നുപോകുന്ന പി.ഡബ്ല്യു.ഡി റോഡും ഈ റോഡുമായി ബന്ധപ്പെട്ട് കിടക്കുന്ന നഗരസഭ പതിനെട്ടാം വാർഡിലെ അങ്ങാടിക്കൽ തെക്ക് ചെട്ടിയാംമോടി പൂമല റോഡും, കാഞ്ഞിരത്തുംമൂട് പൂമല റോഡുമാണ് തകർന്നത് . റോഡുകൾ കുണ്ടും കുഴിയുമായതോടെ ഈ ഭാഗങ്ങളിൽ താമസിക്കുന്ന നിരവധി കുടുംബങ്ങളാണ് ബുദ്ധിമുട്ടുന്നത്. ചെട്ടിയാംമോടി കനാൽ ജംഗ്ഷനിലെ കയറ്റവും പൂമല റോഡിലേക്ക് ഇറങ്ങുന്ന ഇറക്കവും ഇരുചക്ര വാഹനങ്ങളിലും ഓട്ടോറിക്ഷകളിലും സഞ്ചരിക്കുന്ന യാത്രക്കാർക്ക് അപകട ഭീഷണിയായി മാറി . ഇതുവഴി കാൽനട യാത്രപോലും ബുദ്ധിമുട്ടാണ്. പൂമല സർപ്പത്തിൽപടി മുതൽ ചാലുംപാട്ട് ജംഗ്ഷൻ വരെയുളള റോഡിന്റെ ഇരുവശവും വെള്ളം നിറഞ്ഞ് കിടക്കുന്ന പാടമാണ്. ഒരുവശം ഇക്കോ ടൂറിസം പദ്ധതി നടപ്പാക്കുന്ന പൂമലച്ചാലും മറുവശം ഉപ്പ്കൊല്ലപ്പാടവുമാണ്. രാത്രികാലങ്ങളിൽ ഇതുവഴിയുള്ള ഇരുചക്രവാഹന യാത്ര അപകടകരമാണ്. സർപ്പത്തിൽ കാളീശ്വരകാവ്, ഉമ്മാത്ത് ഉമാവതി ക്ഷേത്രം, പ്രൊവിഡൻസ് കോളേജ് എന്നിവിടങ്ങളിലേക്ക് നിരവധി ആളുകൾ പോകുന്ന വഴികൂടിയാണ് ഇത്. രാവിലെയും വൈകുന്നേരവും സമീപപ്രദേശങ്ങളിലെ പതിനഞ്ചോളം സ്കൂളുകളിലെ വാഹനങ്ങൾ കുട്ടികളുമായി പോകുന്നത് ഈ വഴിയിലൂടെയാണ്. മഠത്തുംപടി റെയിൽവേ ക്രോസ് ഒഴിവാക്കി ആലാ ഭാഗത്തുനിന്നുള്ള നിരവധി വാഹനങ്ങളും ആല ഉമ്മാത്ത് നിവാസികളും ചെങ്ങന്നൂരിൽ പോകാൻ ഈ വഴിയാണ് ഉപയോഗിക്കുന്നത്. എസ്എൻ.ഡി.പി യോഗം 6190-ാം നമ്പർ അങ്ങാടിക്കൽ തെക്ക് ശാഖയുടെ ഭാഗത്ത് വൻ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. പത്തുവർഷമായി പ്രദേശവാസികൾ യാത്രാ ദുരിതം അനുഭവിക്കുകയാണ്. അറ്റകുറ്റപ്പണിക്ക് നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.