കോന്നി: കരുമാൻതോട്ടിലേക്കുള്ള കെ.എസ്ആർ.ടി.സി ബസ് സർവീസുകൾ പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കരുമാൻതോട് തൃശൂർ സൂപ്പർ ഫാസ്റ്റ്, പത്തനംതിട്ട, കരുമാൻതോട് തിരുവനന്തപുരം, സൂപ്പർ ഫാസ്റ്റ്, കരുമാൻതോട് കോട്ടയം സൂപ്പർ ഫാസ്റ്റ്, കരുമാൻതോട് പത്തനംതിട്ട ഓർഡിനറി സർവീസുകളാണ് നിറുത്തലാക്കിയത്. തൃശൂർ സൂപ്പർ ഫാസ്റ്റ് പുലർച്ചെ 4 .30 നായിരുന്നു കരുമാൻതോട്ടിൽ നിന്ന് പുറപ്പെട്ടിരുന്നത്. തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് രാവിലെ 5.15ന് പത്തനംതിട്ടയിൽ നിന്ന് പുറപ്പെട്ട് 6.50ന് കരുമാൻതോട്ടിലെത്തി തിരുവനന്തപുരത്തിന് പുറപ്പെടുന്ന രീതിയിലും, കോട്ടയം സൂപ്പർ ഫാസ്റ്റ് രാവിലെ 7.50ന് കരുമാൻതോട്ടിൽ നിന്ന് പുറപ്പെടുന്ന രീതിയിലും പത്തനംതിട്ട ഓർഡിനറി സർവീസ് രാവിലെ 8 .45ന് കരുമാൻതോട്ടിൽ നിന്ന് പുറപ്പെടുന്ന രീതിയിലുമായിരുന്നു സർവീസ് നടത്തിയിരുന്നത്. തൃശൂർ സൂപ്പർ ഫാസ്റ്റ് രാത്രി പത്തനംതിട്ടയിൽ നിന്നെത്തി കരുമാൻതോട്ടിൽ സ്റ്റേ ചെയ്ത് രാവിലെ പുറപ്പെടുന്ന രീതിയിലുമായിരുന്നു സർവീസ്.
മലയോരമേഖലയിൽ ഉള്ളവർക്ക് ഏറെ പ്രയോജനം
ദൂരെ സ്ഥലങ്ങളിൽ ജോലി ചെയ്ത് വൈകി പത്തനംതിട്ടയിൽ എത്തുന്ന മലയോരമേഖലയിൽ ഉള്ളവർക്ക് വൈകിട്ട് വീടുകളിൽ എത്താനുള്ള ഏക ആശ്രയമായിരുന്നു ഈ സർവീസ്. തേക്കുതോട്, തണ്ണിത്തോട്, കോന്നി, പൂങ്കാവ്, പ്രമാടം, പത്തനംതിട്ട, എറണാകുളം റൂട്ടിലായിരുന്നു സർവീസ്. നെടുമ്പാശേരി എയർപോർട്ട്, ഗുരുവായൂർ ക്ഷേത്രം എന്നിവിടങ്ങളിലേക്ക് പോകുന്നവർക്കും ഈ സർവീസ് പ്രയോജനമായിരുന്നു. കോട്ടയം മെഡിക്കൽ കോളേജിലേക്ക് പോകുന്നവർക്കും,മലയോരമേഖലയിൽ നിന്ന് തലസ്ഥാനത്തേക്ക് പോകുന്നവർക്കും കോട്ടയം, തിരുവനന്തപുരം സർവീസുകൾ പ്രയോജനപ്പെട്ടിരുന്നു. തൃശൂർ, കോട്ടയം സൂപ്പർ ഫാസ്റ്റ് ബസുകൾ തണ്ണിത്തോട്, കോന്നി, അരുവാപ്പുലം, പ്രമാടം പഞ്ചായത്തിലെ ജനങ്ങൾക്കും,തണ്ണിത്തോട്, കോന്നി, അരുവാപ്പുലം, കലഞ്ഞൂർ പഞ്ചായത്തുകളിലെ ജനങ്ങൾക്കും പ്രയോജനപ്പെട്ടിരുന്നു.
നിവേദനം നൽകിയിട്ടും ഫലമില്ല
നിറുത്തലാക്കിയ ബസ് സവീസുകൾ പുനരാംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഗതാഗത മന്ത്രിക്കും, ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും നിവേദനം നൽകിയിട്ടും നടപടിയുണ്ടാവുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. സി.പി.ഐ യുടെ നേതൃത്വത്തിൽ പത്തനംതിട്ട കെ.എസ്ആർ.ടി.സി ഡിപ്പോയ്ക്ക് മുൻപിൽ പ്രതിഷധ ധർണ്ണയും നടത്തിയിരുന്നു.
സർവീസ് നിറുത്താൻ കാരണം
തൃശ്ശൂർ സൂപ്പർഫാസ്റ്റ് ബസ് കരുമാൻതോട്ടിൽ രാത്രി സ്റ്റേ ചെയ്ത് രാവിലെ പുറപ്പെടുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിരുന്നത്. ജീവനക്കാർക്ക് താമസിക്കാനുള്ള കെട്ടിടം പഞ്ചായത്തിന് ക്രമീകരിച്ച് നൽകാൻ കഴിയാതെ വന്നത് സർവീസ് നിറുത്തലാക്കുവാൻ കാരണമായി.
..........................
നിറുത്തലാക്കിയ കെ.എസ്ആർ.ടി.സി ബസ് സർവീസുകൾ പുനരാംഭിക്കാൻ ബന്ധപെട്ടവർ നടപടി സ്വീകരിക്കണം
സുഗതരാജ് ,
തേക്കുതോട്
( പ്രദേശവാസി )