road-
നിർമ്മാണത്തിൻറെ ഭാഗമായി പൊളിച്ചിട്ടിരിക്കുന്ന ആലിമുക്ക് റാന്നി റോഡ്

റാന്നി : പുനരുദ്ധാരണത്തിന്റെ ഭാഗമായി പൊളിച്ചിട്ട റോഡിലൂടെ രണ്ടാഴ്ചയായി ദുരിത യാത്ര നടത്തുകയാണ് മുക്കം, അടിച്ചിപ്പുഴ, ആലിമുക്ക് നിവാസികൾ. റാന്നി - വലിയകുളം അത്തിക്കയം റോഡ് പുനർ നിർമ്മിക്കുന്നതിന്റെ ഭാഗമായി കാലഹരണപ്പെട്ട ടാറിംഗ് ഉൾപ്പടെ ജെ.സി.ബി ഉപയോഗിച്ച് ഉളക്കിയിരുന്നു ഇതിന്റെ മെറ്റൽ നിരന്നു കിടക്കുന്നതാണ് യാത്രക്കാരെ വലയ്ക്കുന്നത്. കാൽനട യാത്രക്കാർക്കുപോലും ഈ വഴിയിലൂടെ നടന്നു പോകാൻ പ്രയാസമാണ്. ദിവസവും നിരവധി ഇരുചക്ര വാഹനങ്ങളാണ് ഇവിടെ അപകടത്തിൽപ്പെടുന്നത്. കഴിഞ്ഞ ദിവസം റാന്നി ഭാഗത്തേക്ക് പോകുകയായിരുന്ന അമ്മയും മകളും സഞ്ചരിച്ച സ്കൂട്ടറിന്റെ ടയർ മെറ്റലിൽ കയറി ഇരുവരും അപകടത്തിൽപ്പെട്ടിരുന്നു. പലരും റോഡിന്റെ അവസ്ഥ അറിയാതെ അപകടത്തിൽപെടുന്നുണ്ട്. നിരവധി കയറ്റവും വളവുകളുമുള്ള റോഡിൽ മിക്ക സ്ഥലങ്ങളിലും ഇത്തരത്തിൽ പൊളിച്ചിട്ടിരിക്കുകയാണ്. നിർമ്മാണം വൈകുന്നതോടെ സമീപ വാസികളാണ് ദുരിതത്തിലായിരിക്കുന്നത്. കൂടാതെപൊടി ശല്യവും യാത്രക്കാരെ വലയ്ക്കുന്നുണ്ട്. എത്രയും വേഗം അധികൃതർ ഇടപെട്ട് റോഡ് നിർമ്മാണം പൂർത്തിയാക്കി ജനങ്ങളുടെ യാത്രാ ദുരിതം അവസാനിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.