rubber

പത്തനംതിട്ട : വിലയിടിവിൽ നട്ടം തിരിഞ്ഞ കർഷകരെ പറ്റിക്കുകയാണ് റബർ കമ്പനികളും വൻകിട വ്യാപാരികളും. റബറിന്റെ ഉദ്പ്പാദനം കുറഞ്ഞപ്പോൾ വില വർദ്ധിപ്പിച്ചു. വിദേശരാജ്യങ്ങളിൽ നിന്ന് ഇറക്കുമതി കുറഞ്ഞത് പ്രതിസന്ധിയുണ്ടാക്കുമെന്ന് കണ്ടാണ് റബറധിഷ്ടിത കമ്പനികൾ ഇപ്പോൾ വില വർദ്ധിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്ത് രണ്ടുമാസം മുൻപ് വരെ കിലോയ്ക്ക് 130 രൂപയായിരുന്ന റബറിന്റെ വില കഴിഞ്ഞ ദിവസം 161ൽ എത്തി. ഒട്ടുപാലിന് കിലോയ്ക്ക് 78ൽ നിന്ന് 97രൂപയായി. ഇലകൊഴിച്ചിലനെ തുടർന്ന് മിക്ക കർഷകരും ടാപ്പിംഗ് നിറുത്തിവച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഇപ്പോൾ വില വർദ്ധിച്ചത്. ഇലകൾ തളിരിടുമ്പോഴേക്കും കാലവർഷം വന്നാൽ കർഷകർ പ്രതിസന്ധിയിലാകും. ഇറക്കുമതി കൂടുകയും ചെയ്യും.

ഉദ്പ്പാദനം വലിയ തോതിൽ നടന്ന കഴിഞ്ഞ രണ്ടു മാസവും വിപണിയിൽ വില കുറവായിരുന്നു. സംസ്ഥാനത്ത് റബർ ഉദ്പ്പാദനത്തിൽ രണ്ടാംസ്ഥാനത്തുള്ള പത്തനംതിട്ട ജില്ലയിൽ വർഷങ്ങളായുള്ള വിലയിടിവിനെ തുടർന്ന് കർഷകർ പലരും കൃഷി ഉപേക്ഷിച്ചിരുന്നു. റബർ വെട്ടിമാറ്റി മറ്റ് കൃഷികൾ തുടങ്ങുകയും ചെയ്തു. നിലവിലുള്ള കർഷകരെ സംരക്ഷിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തയ്യാറാകുന്നില്ലെന്ന് ആക്ഷേപമുണ്ട്.

സബ്സിഡി വർദ്ധന നടപ്പായില്ല

ഒരു കിലോ റബർ ഉദ്പ്പാദിപ്പിക്കാൻ 200രൂപ ചെലവാകുമെന്നാണ് കർഷകർ പറയുന്നത്. ടാപ്പിംഗ് ചാർജ്, ആസിഡ്, ഷീറ്റാക്കുന്നതിനുള്ള ചാർജ് എന്നിവയാണ് പ്രധാന ചെലവുകൾ. കർഷകന് കഴിഞ്ഞ മാസം വരെ കിട്ടിക്കൊണ്ടിരുന്ന ശരാശരി വരുമാനം കലോയ്ക്ക് 150രൂപയാണ്. സബ്സിഡിയുൾപ്പെടെ 200 രൂപയാക്കുമെന്നായിരുന്നു ഇടതുമുന്നണി പ്രകടന പത്രികയിൽ പറഞ്ഞിരുന്നത്. ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്നത് 170 രൂപയാണ്. സർക്കാരിൽ വിശ്വാസമർപ്പിച്ച കർഷകർ നിരാശയിലാണ്. കേന്ദ്രസർക്കാർ തുക അനുവദിക്കുന്നില്ലെന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്.

നാല് മാസത്തെ കിട്ടാനുണ്ട്

സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച റബർ സബ്സിഡി നാല് മാസമായി കിട്ടുന്നില്ലന്ന് കർഷകർ പറയുന്നു. നിരന്തരം നിവേദനം നൽകിയെങ്കിലും ഫണ്ടില്ലെന്നാണ് പറയുന്നത്. കർഷകരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ടാണ് പണം വരുന്നത്.

'' റബർ ഇറക്കുമതി കുറയ്ക്കണമെന്ന കർഷകരുടെ ആവശ്യം കേന്ദ്രസർക്കാർ പരിഗണിക്കുന്നില്ല. പ്രഖ്യാപിച്ച സബ്സിഡി നൽകാൻ സംസ്ഥാന സർക്കാരും തയ്യാറാകുന്നില്ല. കർഷകർ ഇനി എന്തു ചെയ്യണമെന്ന് സർക്കാർ പറയണം.

കമലൻ, മല്ലശേരി റബർ ഉദ്പ്പാദക സംഘം

റബർ വില [കിലോയ്ക്ക്]

2023 നവംബറിൽ : 130

2024 ജനുവരിയിൽ : 161

ഒട്ടുപാൽ വില [കിലോയ്ക്ക്]

2023 നവംബറിൽ : 78

2024 ജനുവരിയിൽ : 97