
പന്തളം : രൂക്ഷമായ വേനലിൽ ആശ്വാസമാകാൻ തുറന്നുവിട്ട കെ.ഐ.പി കനാൽ ചോർന്നതോടെ വീടുകളും പുരയിടങ്ങളും റോഡും വെള്ളക്കെട്ടിന്റെ ദുരിതത്തിലായി. കർഷകരുടെയടക്കം നിരന്തര ആവശ്യപ്രകാരമാണ് കല്ലട ജലസേചന പദ്ധതിയുടെ കുരമ്പാല ഭാഗത്തെ കനാൽ തുറന്നത്. കുരമ്പാല ജംഗ്ഷന് സമീപം പെരുമ്പുളിക്കൽ റോഡിലാണ് പലസ്ഥലത്തും കനാൽ ചോരുന്നത്. ഇവിടെ ഉപകനാലുകൾ പലയിടങ്ങളിലും ചോരുന്നുണ്ട്. കഴിഞ്ഞ ദിവസം കനാലിലെ ചോർച്ച ശക്തമായതോടെ ഗ്രാമീണ റോഡുകളിൽ പലതും വെള്ളത്തിൽ മുങ്ങി. കുരമ്പാല പെരുമ്പുളിക്കൽ റോഡിലുടെയും വെള്ളം നിറഞ്ഞൊഴുകി. പുരയിടങ്ങളിലും കൃഷി സ്ഥലങ്ങളിലും വെള്ളം കയറി.
കനാൽ വൃത്തിയാക്കിയില്ല
കനാൽ വൃത്തിയാക്കാതെ വെള്ളം തുറന്നുവിട്ടതുമൂലം വൻതോതിൽ മാലിന്യങ്ങളും ഒഴുകിയെത്തുന്നുണ്ട്. വെള്ളം തുറന്നുവിടുന്നതിന് മുന്നോടിയായിട്ടുള്ള ശുചീകരണവും നവീകരണവും നടക്കാത്തതാണ് ചോർച്ചയ്ക്ക് പ്രധാനകാരണം. കെ.ഐ.പി സബ് സെക്ഷൻ ഓഫീസ് അടൂരിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും ആവശ്യമായ ജീവനക്കാരില്ലാത്തതിനാൽ നടപടികൾ സ്വീകരിക്കാൻ കഴിയുന്നില്ലെന്നും ആക്ഷേപമുണ്ട്.