
കോന്നി : ബഡ്ജറ്റിൽ ഇടംപിടിച്ചിട്ടും പത്തുകോടി രൂപ അനുവദിച്ചിട്ടും സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി യാഥാർത്ഥ്യമായില്ല. കോന്നിയിൽ അച്ചൻകോവിൽ ആറിന് കുറുകെ പാലം വരുന്നതിന് മുൻപ് ഏറ്റവുംതിരക്കുള്ള കടവായിരുന്നു സഞ്ചായത്ത് കടവ്. വനംവകുപ്പിനും റവന്യു വകുപ്പിനുമായി ഇവിടെ ഏക്കർ കണക്കിന് സ്ഥലമുണ്ട്.
ഇതിൽ രണ്ട് ഏക്കർ സ്ഥലമാണ് പദ്ധതിക്കായി കണ്ടെത്തിയത്.
വനംവകുപ്പിന്റെ പഴയ കാവൽപുര നിന്നസ്ഥലത്ത് ബംഗ്ലാവ് നിർമിച്ച് ഇക്കോടൂറിസം പദ്ധതിയുടെ ഭാഗമാക്കാനും പദ്ധതി ഉണ്ടായിരുന്നു. ടൂറിസം പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി കെ.യു.ജനീഷ്‌കുമാർ എം.എൽ.എ, അന്നത്തെ ജില്ല കളക്ടർ ഡോ.ദിവ്യ എസ് അയ്യർ, ഇക്കോ ടൂറിസം ഡയറക്ടർ ആർ.എസ്.അരുൺ എന്നിവർ രണ്ടുവർഷം മുൻപ് പദ്ധതി പ്രദേശം സന്ദർശിച്ചിരുന്നു. അച്ചൻകോവിലാറിനെ പ്രധാന ആകർഷകകേന്ദ്രമാക്കിയുള്ള പദ്ധതികളാണ് ഉൾപെട്ടിരുന്നത്. ആനക്കൂടിനും അടവിക്കും ശേഷം കോന്നിയിൽ ശ്രദ്ധാകേന്ദ്രമായ ടൂറിസം പദ്ധതിയായി സഞ്ചായത്ത് കടവ് മാറുമെന്നായിരുന്നു പ്രതീക്ഷ.
സഞ്ചായം (വനം) വകുപ്പ്
തിരുവിതാംകൂർ വനംവകുപ്പിന്റെ ആദ്യകാല ആസ്ഥാനം ആലപ്പുഴയായിരുന്ന കാലത്ത് നദീമാർഗം കടത്തിക്കൊണ്ടുവരുന്ന തടികളും മറ്റു വനവിഭവങ്ങളും ആലപ്പുഴ തുറമുഖം കേന്ദ്രീകരിച്ചു വില്പന നടത്തി തിരുവിതാംകൂറിന്റെ റവന്യൂ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രാജാകേശവദാസാണ് സഞ്ചായം (വനം) വകുപ്പ് രൂപീകരിക്കുന്നത്. ആദ്യകാലത്ത് നദീതടങ്ങളിൽ നിൽക്കുന്ന വൃക്ഷങ്ങളാണ് വ്യാപാര ആവശ്യത്തിനായി പ്രധാനമായും ശേഖരിച്ചിരുന്നത്. കോന്നിയിലെ സഞ്ചായത്ത് കടവായിരുന്നു അന്നത്തെ പ്രധാന വ്യാപരകേന്ദ്രം.
പദ്ധതി ഇങ്ങനെ
മുഖ്യആകർഷകമായി മ്യൂസിക് ഫൗണ്ടൻ, അച്ചൻകോവിലാറ്റിൽ പെഡൽ ബോട്ട് സവാരി, കുളിക്കടവുകൾ, കുട്ടികളുടെ പാർക്ക്, തൂക്കുപാലം, ഒാപ്പൺ സ്റ്റേജ്, ഡോർമമെട്രി സൗകര്യം.
പദ്ധതിക്ക് അനുവദിച്ചത് : 10 കോടി
കോന്നിയുടെ വ്യാപാര കേന്ദ്രമായിരുന്ന സഞ്ചായത്ത് കടവ് കേന്ദ്രീകരിച്ച് സ്മാരകം നിർമ്മിച്ചാൽ വരും തലമുറയ്ക്ക് ഈ പ്രദേശത്തിന്റെ പ്രാധാന്യം കൂടുതൽ മനസിലാക്കാനാകും.
ഡോ.അരുൺ ശശി,
(ചരിത്ര ഗവേഷകൻ)