karunanithi

പത്തനംതിട്ട : കഴിഞ്ഞ ശബരിമല തീർത്ഥാടനകാലത്ത് കാണാതായ 9 തീർത്ഥാടകരിൽ ഒരാളെ കണ്ടെത്തി. ചെന്നൈ ജി.ആർ.പി ചിറ്റാളപക്കം 09 ആർ.ആർ നഗറിൽ കരുണാനിധി (58)യെയാണ് കൊല്ലത്തു നിന്ന് കണ്ടെത്തിയത്. റോഡരുകിൽ കൈ ഒടിഞ്ഞ നിലയിൽ കണ്ടെത്തിയ ഇയാളെ നാട്ടുകാർ ആശുപത്രിയിലാക്കിയിരുന്നു. രണ്ടു ദിവസത്തെ ചികിത്സയ്ക്കുശേഷം ഇയാൾ ആശുപത്രിയിൽ നിന്ന് ഇറങ്ങിപ്പോയി. വീണ്ടും വഴിവക്കിൽ കണ്ടെത്തിയ ഇയാളെ നാട്ടുകാർ കൊല്ലം താലൂക്ക് ആശുപത്രിയിലെത്തിച്ചു. തുടർന്ന് നാട്ടുകാർ കൊല്ലം വെസ്റ്റ് പൊലീസിൽ വിവരമറിയിച്ചശേഷം ഇവരുടെ നേതൃത്വത്തിൽ കോഴിവിള ബിഷപ്പ് ജറോം അഭയകേന്ദ്രത്തിലെത്തിച്ചു. സംഭവം വാർത്തയായതിനെ തുടർന്ന് ഇയാളെ പമ്പ പൊലീസ് തിരിച്ചറിയുകയും ബന്ധുക്കളെ വിവരമറിയിക്കുകയും ചെയ്തു. തുടർന്ന് പമ്പാ എസ്.ഐ പ്രകാശൻ എം.കെയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അഭയകേന്ദ്രത്തിൽ നിന്ന് കരുണാനിധിയെ ഏറ്റെടുത്ത് റാന്നി കോടതിയിൽ ഹാജരാക്കി. കോടതി ഇയാളെ സഹോദരിപുത്രനൊപ്പം വിട്ടയച്ചു.

അന്വേഷണം തുടരുന്നു

കഴിഞ്ഞ നവംബർ 15നും ജനുവരി 20നുമിടയിൽ പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിൽ നിന്നാണ് തീർത്ഥാടകരെ കാണാതായത്. ഇത് സംബന്ധിച്ച് കേരളകൗമുദി കഴിഞ്ഞ 26ന് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. പമ്പ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് റാന്നി ഡിവൈ.എസ്.പി ആർ.ബിനുവിന്റെ മേൽനോട്ടത്തിൽ അന്വേഷണം നടത്തുന്നതിനിടെയാണ് കൊല്ലത്തുനിന്ന് കരുണാനിധിയെ കണ്ടെത്തിയത്. കേരളം, കർണ്ണാടക, തെലുങ്കാന എന്നിവിടങ്ങളിലുള്ളവരെയാണ് കാണാതായത്.

കാണാതായവർ

1.കോഴിക്കോട് ബാലുശ്ശേരി ശിവപുരം അയ്യാട് ഉളിൻകുന്നുമ്മൽ മുത്തോരൻ (74).
2. തിരുവല്ലൂർ പേരാമ്പാക്കം കളമ്പാക്കം ഭജനായി കോവിൽ സ്ട്രീറ്റിൽ രാജ (39). 3.തിരുവണ്ണാമലൈ തണ്ടാരൻപെട്ടി റെഡ്ഢിപ്പാളയം സ്ട്രീറ്റിൽ എഴിമലൈ (57). 4.വില്ലുപുരം വാനൂർ ബൊമ്മയ്യപാളയം പെരിയ പാളയത്തമ്മൻ കോവിൽ അയ്യപ്പൻ (24).

5.വിശാഖപട്ടണം രാമാലയം ഐസ് ഫാക്ടറിക്ക് സമീപം ഇസുകത്തോട്ടയിൽ കോരിബില്ലി ബാബ്ജി (75).

6. ശ്രീകാകുളം ഡിസ്ട്രിക്ട് കൊങ്ങാരം ഈശ്വരുഡു (75).

7. തെലുങ്കാന താരാകാരം തിയേറ്ററിന് എതിർവശം കച്ചദുവ വിനയ് (27).

8. കർണ്ണാടക ദർവാർഡ് കനവി ഹോന്നപ്പൂർ താപ്പ ഉനക്കൽ (65).


കാണാതായവരെക്കുറിച്ച് വിവരം ലഭിക്കുന്നവർ ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയത്തിലോ, റാന്നി ഡിവൈ.എസ്.പിയുടെ ഓഫീസിലോ, പമ്പ സ്റ്റേഷനിലോ അറിയിക്കണം.