aa

പത്തനംതിട്ട : ടി.കെ റോഡിൽ അപകടത്തിൽ രണ്ടു ജീവനുകൾ പൊലിഞ്ഞതിന്റെ ഞെട്ടലോടെയാണ് ഇന്നലെ പത്തനംതിട്ട ഉണർന്നത്. രാവിലെ പുന്നെല്ലത്തുപടിയിൽ പച്ചക്കറിയുമായി എത്തിയ ലോറിയും മിനി വാനും കൂട്ടിയിടിക്കുകയായിരുന്നു. ഇരുവാഹനങ്ങളും രണ്ടുമൂന്ന് തവണ മലക്കംമറിഞ്ഞത് അപകടത്തിന്റെ തീവ്രതയേറ്റി. ഇരുവാഹനങ്ങളുടെയും ഡ്രൈവർമാർ പുറത്തേക്ക് തെറിച്ചുവീണു. ഇരുവരുടെയും ജീവനും നഷ്ടമായിരുന്നു. സീതത്തോട് കോട്ടപ്പാറ മലനടയിൽ നാടൻപ്പാട്ട് അവതരിപ്പിച്ച് മടങ്ങിയ കുട്ടനാട് കണ്ണകി ക്രിയേഷൻസിന്റെ സൗണ്ട് സിസ്റ്റങ്ങളായിരുന്നു മിനിവാനിൽ ഉണ്ടായിരുന്നത്. തമിഴ്നാട്ടിൽ നിന്ന് പച്ചക്കറിയുമായെത്തിയതാണ് ലോറി. ചിതറിത്തെറിച്ച പച്ചക്കറികളും വാഹനങ്ങളുടെ ഭാഗങ്ങളും രക്തക്കറയും അപകടശേഷിപ്പായപ്പോൾ ടി.കെ റോഡിലെ യാത്ര ഭയപ്പെടുത്തുന്നതുമായി.

മൈൽക്കുറ്റിയിൽ തട്ടി ദുരന്തം

ആലപ്പുഴയ്ക്ക് പോകുവായിരുന്ന മിനിവാൻ വഴിയോരത്തെ മൈൽക്കുറ്റിയിൽ തട്ടി നിയന്ത്രണം വിട്ട് എതിരെയെത്തിയ ലോറിയിൽ ഇടിക്കുകയായിരുന്നു. നിയന്ത്രണം നഷ്ടമായി കരണം മറിഞ്ഞ ലോറി സമീപത്തെ വീടിന്റെ മതിലിൽ ഇടിച്ചാണ് നിന്നത്.

സ്ഥിരം അപകട മേഖല

ടി.കെ റോഡിൽ സെന്റ് പീറ്റേഴ്സ് ജംഗ്ഷൻ മുതൽ വാര്യാപുരം വരെയുള്ള ഭാഗത്ത് അപകടം പതിവാകുകയാണ്. ചെറിയ കയറ്റവും ഇറക്കവും വളവുകളും അപകടകാരണമാകുന്നു. കൃത്യമായ അപകട മുന്നറിയിപ്പോ പ്രയോജനപ്പെടുന്ന റിഫ്ലക്ടറുകളോ ഇവിടെയില്ല.

നടപ്പാതയില്ല, വ്യാപാര സ്ഥാപനങ്ങൾക്കും ഭീഷണി

അപകടസാദ്ധ്യത ഏറിയ ഭാഗമാണെങ്കിലും റോഡിൽ നടപ്പാതയില്ല. കാൽനടയാത്രക്കാർ റോഡിലേക്കിറങ്ങി നടക്കേണ്ടി വരുന്നു. വഴിയോരത്ത് നിറയെ പുല്ല് വളർന്ന് നിൽക്കുന്നു. സമീപത്തുള്ള വ്യാപാര സ്ഥാപനങ്ങൾക്കും ഇത് ഭീഷണിയാകുന്നുണ്ട്. വാഹനങ്ങൾ റോഡിൽ നിന്ന് തെന്നി മാറി വ്യാപാര സ്ഥാപനങ്ങളിലേക്ക് ഇടിച്ചുകയറിയും അപകടങ്ങൾ ഉണ്ടായിട്ടുണ്ട്.

'ഡിം' അടിക്കാതെ രാത്രിയാത്ര

ഹെഡ് ലൈറ്റുകൾ ഡിമ്മാക്കി എതിരെ എത്തുന്ന വാഹനങ്ങളുടെ കാഴ്ച മറയ്ക്കാതിരിക്കാൻ രാത്രിയിൽ ഡ്രൈവർമാർ ശ്രദ്ധചെലുത്താത്തതും അപകടത്തിന് കാരണമാകുന്നു. വലിയ വാഹനങ്ങളുടെ കണ്ണുമഞ്ചുന്ന പ്രകാശത്തിൽ അപകടത്തിൽപ്പെടുന്നത് പലപ്പോഴും ഇരുചക്രവാഹന യാത്രക്കാരാണ്. ഡ്രൈവിംഗിൽ മര്യാദ പാലിക്കാത്തവരെ പിടികൂടാനും സംവിധാനങ്ങൾ ഇല്ല. രാത്രിയിൽ പൊലീസ് പരിശോധനയുണ്ടെങ്കിലും മദ്യപിച്ച് വാഹനം ഒാടിക്കുന്നവരെ പിടികൂടാറുമില്ല.