
റാന്നി : ജലനിരപ്പ് കുറഞ്ഞതോടെ പമ്പ ഉൾപ്പടെയുള്ള നദികളിൽ നിന്ന് രാസവസ്തുക്കൾ കലക്കിയുള്ള മീൻപിടിത്തം വ്യാപകമാകുന്നു. രാത്രിയുടെ മറവിലാണ് പല സ്ഥലങ്ങളിലും ഇത്തരത്തിലുള്ള സാമൂഹിക വിരുദ്ധ പ്രവർത്തികൾ നടക്കുന്നത്. ഇത്തരക്കാരെ പിടി കൂടാൻബന്ധപ്പെട്ട പഞ്ചായത്തുകളോ, പൊലീസോ ശ്രമിക്കുന്നില്ലന്ന ആക്ഷേപം ഉയരുന്നുണ്ട്. പെരുന്തേനരുവി മുതൽ പെരുനാട് മുക്കം വരെയാണ് വ്യാപകമായി ഇത്തരത്തിൽ മീൻപിടിത്തം നടക്കുന്നത്. പകൽ സമയങ്ങളിൽ വല വിരിച്ച ശേഷം രാത്രിയിൽ പുഴയിലെ ഒഴുക്കുള്ള ഭാഗങ്ങളിൽ രാസവസ്തുക്കൾ കലക്കുന്നതാണ് പതിവ്. വിൽപ്പനക്കായി മീൻപിടിക്കുന്ന കൂട്ടരാണ് ഇത്തരം പ്രവർത്തികൾ ചെയ്യുന്നത്. ഇതറിയാതെ വലിയ വിലകൊടുത്ത് ജനങ്ങൾ മീൻ വാങ്ങുകയും ചെയ്യും. നിരവധി ആളുകൾ വീട്ടാവശ്യങ്ങൾക്കും മറ്റുമായി ആശ്രയിക്കുന്ന പുഴയിലെ ജലത്തിലാണ് ഇത്തരം പ്രവർത്തികൾ നടക്കുന്നത്. വേനൽ കടുത്തതോടെ ദൂര ദേശങ്ങളിൽ നിന്നുപോലും ആളുകൾ എത്തി പുഴയെ ആശ്രയിക്കാറുണ്ട്. അമിതമായി രാസവസ്തുക്കൾ കലക്കുന്നതുമൂലം കുഞ്ഞു മീനുകൾ ഉൾപ്പടെ ചത്തുപൊങ്ങുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. കൂടാതെ വലിയ മീനുകൾ വലയിൽ കുടുങ്ങുന്നതൊഴിച്ചു ബാക്കിയുള്ളവ പുഴയിൽ കിടന്ന് ചീഞ്ഞളിഞ്ഞ ദുർഗന്ധവുമുണ്ട്. അടിയന്തരമായി ഇത്തരക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.