ചെങ്ങന്നൂർ: വേനൽചൂടിൽ പാൽ ഉത്പാദനം ഗണ്യമായി കുറഞ്ഞതോടെ പുലിയൂരിൽ ക്ഷീരകർഷകർ പ്രതിസന്ധിയിലായി. ഒന്നര മുതൽ 2 ലിറ്റർ വരെയാണ് കുറവ്. ക്ഷീര സംഘങ്ങളെയും പ്രതിസന്ധി ബാധിച്ചിട്ടുണ്ട്. പുല്ലിന്റെയും വൈക്കോലിന്റെയും ലഭ്യതക്കുറവും കാലിത്തീറ്റയുടെ വിലവർദ്ധനയും മൂലം ക്ഷീരമേഖലയിൽ നിന്ന് കർഷകർ പിന്മാറുന്നുമുണ്ട്. പുലിയൂർ മേഖലയിൽ ആദ്യമായി ഇരിപ്പു കൃഷി ചെയ്ത പാടശേഖരങ്ങളിലെ കൊയ്ത്തിനുശേഷം വൈക്കോൽ യഥേഷ്ടം കിട്ടിയിരുന്നു. ഇപ്പോൾ കൊയ്ത്ത് നടക്കാത്ത സമയമായതിനാൽ വൈക്കോൽ കിട്ടുന്നില്ല. ഇത് മൂലം ഒന്നാം കൃഷി ചെയ്ത പാടശേഖരങ്ങളിലെ വൈക്കോൽ ,ചോദിക്കുന്ന തുക നൽകിയാണ് കർഷകർ വാങ്ങിക്കൊണ്ടു പോകുന്നത്. വേനൽ കൂടുതൽ കടുക്കുന്നതോടെ പച്ചപ്പുല്ലിന്റെ ലഭ്യതയും കുറയും.ഇതോടെ പാൽ ഉത്പാദനം കുറയാൻ കൂടുതൽ സാദ്ധ്യതയുണ്ടെന്ന് കർഷകനായ സതീശൻ പറഞ്ഞു. ആനുകൂല്യങ്ങൾ വൈകുന്നതും കർഷകരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. മിൽമ മുൻ വർഷങ്ങളിൽ രണ്ടു മുതൽ മൂന്നു രൂപ വരെ ലിറ്ററിന് ഇൻസെന്റീവ് നൽകിയിരുന്നു, എന്നാൽ കഴിഞ്ഞവർഷവും ഇൗ വർഷം ജനുവരി അവസാനമായിട്ടും തുക നൽകിയിട്ടില്ല. തദ്ദേശസ്ഥാപനങ്ങളാണ് തുക നൽകേണ്ടത്, കാലിത്തീറ്റയുടെ വില കമ്പനികൾ അടിക്കടിയാണ് കൂട്ടുന്നത്. കാലിത്തീറ്റയ്ക്ക് ഒരു കിലോയ്ക്ക് 35 രൂപയോളം നൽകണം,ഒരു ലിറ്റർ പാലിന് 38 മുതൽ 40 രൂപ വരെയാണ് സൊസൈറ്റികളിൽ നിന്ന് കിട്ടുന്നത്. ക്ഷീരകർഷകർക്കുള്ള സമഗ്ര ഇൻഷുറൻസ് പരിരക്ഷാ പദ്ധതിയായ ക്ഷീര സാന്ത്വനത്തിന്റെ പ്ര.യോജനം എല്ലാ ക്ഷീര കർഷകർക്കും നൽകണമെന്നും ക്ഷീരകർഷക ക്ഷേമനിധിയിലൂടെ ക്ഷേമപ്രവർത്തനങ്ങൾ നടപ്പിലാക്കണമെന്നും ക്ഷീരകർഷകനായ സാബു ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് തദ്ദേശസ്ഥാപനങ്ങളിലും നവ കേരള സദസിലും പരാതി നൽകിയിരുന്നു.
------
പുല്ലിനും വൈക്കോലിനും ക്ഷാമം