photo
പ്രമാടം സ്കൂൾ ജംഗ്ഷനിൽ ദിശാബോർഡ് സ്ഥാപിച്ചപ്പോൾ

പ്രമാടം : നവീകരിച്ച പൂങ്കാവ് - പ്രമാടം - പത്തനംതിട്ട റോഡിലെ പ്രമാടം സ്കൂൾ ജംഗ്ഷൻ അപകടരഹിതമാക്കാൻ നടപടി. വേഗത നിയന്ത്രണ സംവിധാനങ്ങളും

ദിശാബോർഡുകളും മുന്നറിയിപ്പ് ബോർഡുകളും ഇല്ലാതിരുന്ന സ്കൂൾ ജംഗ്ഷൻ യാത്രക്കാരുടെയും നാട്ടുകാരുടെയും പേടി സ്വപ്നമായിരുന്നു. ജംഗ്ഷനിൽ ദിശാബോർഡുകൾ, സ്കൂൾ മുന്നറിയിപ്പ് ബോർഡുകൾ, വേഗത നിയന്ത്രണം ബോർഡുകൾ, റിഫ്ളക്ടറുകൾ എന്നിവ സ്ഥാപിച്ചു.

കഴിഞ്ഞ നാല് മാസത്തിനിടെ നിരവധി അപകടങ്ങളാണ് ഇവിടെ ഉണ്ടായത്. റോഡ് പുനർനിർമ്മാണത്തിനായി മുമ്പുണ്ടായിരുന്ന ഹംബുകളും വേഗപരിധി ബോർഡുകളും സീബ്രാ ലൈനുകളും നീക്കം ചെയ്യുകയായിരുന്നു. മൂന്ന് റോഡുകൾ സംഗമിക്കുന്ന ജംഗ്ഷനിൽ മൂന്ന് സ്കൂളുകളാണുള്ളത്.

മരണപ്പാച്ചിലിന് നിയന്ത്രണം

റോഡ് ബി.എം ആൻഡ് ബി.സി നിലവാരത്തിൽ ഉയർത്തിയതോടെ യാതൊരു

നിയന്ത്രണങ്ങളുമില്ലാത വാഹനങ്ങൾ കുതിച്ചുപായുകയായിരുന്നു. സ്‌കൂൾ ജംഗ്ഷനിൽ ' ടി ' ഷെയിപ്പിലാണ് റോഡ്. രണ്ട് കൊടുംവളവുകളും റബറൈസിഡ് റോഡും അപകട ഭീഷണി വർദ്ധിപ്പിച്ചിരുന്നു. സ്‌കൂൾ ദിവസങ്ങളിൽ രാവിലെയും വൈകുന്നേരങ്ങളിലും നൂറുകണക്കിന് കുട്ടികളാണ് റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ കാത്ത് നിൽക്കുന്നത്. വാഹനങ്ങളുടെ അമിതവേഗം കാരണം വിദ്യാർത്ഥിയുടെ ജീവൻ പൊലിഞ്ഞ സംഭവവും നേരത്തെ ഉണ്ടായിട്ടുണ്ട്.