മല്ലപ്പള്ളി : വർഷങ്ങളുടെ കാത്തിരിപ്പിനുശേഷം മുരണി  കാവനാൽകടവ് പാലത്തിലൂടെ ബസ് സർവീസ് തുടങ്ങി. 2011 ജനുവരി 28ന് ശിലാസ്ഥാപനം നടത്തിയ പാലം 2020 ജൂലായ് 6 നാണ് ഗതാഗതത്തിനായി തുറുന്നുകൊടുത്തത്. കറുകച്ചാലിൽ നിന്ന് തുടങ്ങുന്ന ബസ് റാന്നിക്കാണ് സർവീസ് നടത്തുന്നത്. കവളിമാവ്, കുന്നിരിക്കൽ, പാതിക്കാട്, മല്ലപ്പള്ളി, തിരുമാലിടക്ഷേത്രം, മുരണി കാവനാൽ കടവ്പാലം, ചക്കാലക്കുന്ന്, കുളത്തൂർമൂഴി, സർപ്പക്കാവ്, അത്യാൽ, പെരുമ്പെട്ടി, ചുട്ടുമൺ, കരിയംപ്ലാവ്, കണ്ടൻ പേരൂർ, നെല്ലിക്കമൺ വഴിയാണ് ബസ് പോകുന്നത്. ഗ്രാമീണമേഖലയിലെ യാത്രക്കാർക്ക് പ്രയോജനകരമാകുന്ന വിധത്തിലാണ് സർവീസ്. കടൂർക്കടവ്, പടുതോട് പാലങ്ങളിലൂടെയും ബസ് സർവ്വീസ് ആരംഭിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
താലൂക്ക് പരിധിയിൽ കോടികൾ ചെലവഴിച്ച് മണിമലയാറ്റിൽ നിർമ്മിച്ച പാലങ്ങളിലൂടെ ബസ് സർവീസ് തുടങ്ങാത്തത് പ്രദേശവാസികളുടെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. പത്തനംതിട്ട ജില്ലയിലെ കോട്ടാങ്ങൽ പഞ്ചായത്തിനെയും കോട്ടയം ജില്ലയിലെ വെള്ളാവൂർ
പഞ്ചായത്തിനെയും ബന്ധിപ്പിച്ച് കടൂർക്കടവിലും, പുറമറ്റം, കല്ലൂപ്പാറ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് പടുതോട് പാലവും ഉയർന്നിട്ട് വർഷങ്ങൾ പലതുകഴിഞ്ഞു.
ഒരേസമയം ഇരുദിശകളിലേക്കും സുഗമമായി വാഹനങ്ങൾ കടന്നുപോകാവുന്ന വീതിയിലാണ് രണ്ട് പാലങ്ങളും. കോട്ടയത്തുനിന്ന് വെള്ളാവൂർ, കോട്ടാങ്ങൽ, ചുങ്കപ്പാറ, പെരുമ്പെട്ടി, റാന്നി വഴിയോ, തീയാടിക്കൽ, കോഴഞ്ചേരി വഴിയോ പത്തനംതിട്ടയ്ക്ക് കടൂർക്കടവ് പാലത്തിൽ കൂടി സർവീസ് നടത്താവുന്നതാണ്. ഇത്തരത്തിൽ സർവീസ് തുടങ്ങിയാൽ ഗ്രാമീണമേഖലയിലെ യാത്രാക്ലേശത്തിന് പരിഹാരമാകും.
ചുങ്കപ്പാറ, പെരുമ്പെട്ടി, ചാലാപ്പള്ളി, എഴുമറ്റൂർ എന്നിവിടങ്ങളിലൂടെ പടുതോട് പാലത്തിൽ കൂടി തിരുവല്ല, ചങ്ങനാശേരി സർവീസ് ആരംഭിച്ചാൽ കിഴക്കൻ മേഖലയിലേക്കുള്ള യാത്രാ ബുദ്ധിമുട്ട് ഒരു പരിധിവരെ കുറയ്ക്കാൻ സാധിക്കും. ഒന്നിലധികം ബസുകൾ കയറിയിറങ്ങേണ്ട ബുദ്ധിമുട്ടും ഒഴിവാക്കാം. മല്ലപ്പള്ളിയിൽ നിന്ന് തുടങ്ങി പടുതോട് പാലത്തിലൂടെ കാവിൻപുറം, തുണ്ടിയംകുളം പാലത്തുങ്കൽ, കോമളം, കല്ലുപ്പാറ, പുതുശേരി വഴി മല്ലപ്പള്ളിയിൽ തിരികെ എത്തുന്ന വിധത്തിൽ സർക്കുലർ സർവീസ് തുടങ്ങുന്ന കാര്യവും പരിഗണിച്ചാൽ പ്രാദേശവാസികൾക്ക് സഞ്ചാരമാർഗമാകും.
----------------------
കടൂർക്കടവ്,പടുതോട് പാലങ്ങളിലൂടെയും ബസ് വേണമെന്ന് നാട്ടുകാർ