old

പത്തനംതിട്ട : ലക്ഷങ്ങൾ ചെലവാക്കി നിർമ്മിച്ച രണ്ട് കെട്ടിടങ്ങൾ, ബഡ്സ് സ്കൂളും വൃദ്ധ സദനവും. ഉപയോഗിക്കാതെ കാട് കയറി നശിക്കുകയാണ്. പത്തനംതിട്ട നഗരസഭയുടെ മൂന്നാം വാർഡിലാണ് വഞ്ചികപൊയ്കയിലുള്ള ബഡ്‌സ് റീഹാബിലറ്റേഷൻ സെന്ററും വൃദ്ധസദനവും. ബഡ്സ് സ്കൂളിന്റെ ഉദ്ഘാടനം നടത്തി കുറച്ചുനാൾ പ്രവർത്തിക്കുകയും ചെയ്തിരുന്നു. പിന്നീട് വിവിധ കാരണങ്ങളാൽ കെട്ടിടം അടച്ചുപൂട്ടി. വൃദ്ധസദനം ഇതുവരെ പ്രവർത്തിച്ചിട്ടില്ല. 2014ൽ നിർമ്മിച്ച കെട്ടിടങ്ങളാണിവ. സ്ഥലവാസിയായ വഞ്ചികപൊയ്ക തേമ്പാറപുത്തൻവീട്ടിൽ ടി.ജി.ചാക്കോയാണ് വൃദ്ധസദനത്തിനും ബഡ്‌സ് റീഹാബിലറ്റേഷൻ സെന്ററിനുമായി സ്ഥലം സൗജന്യമായി നഗരസഭയ്ക്ക് നൽകിയത്. സമീപമുള്ള അങ്കണവാടിയും ഇദ്ദേഹം സൗജന്യമായി നൽകിയ സ്ഥലത്താണുള്ളത്. ഉയർന്ന പ്രദേശമായ ഇവിടെ വെള്ളത്തിന് കടുത്ത ക്ഷാമമാണ്.

മലമുകളിൽ ഭിന്നശേഷിക്കാർക്ക് കേന്ദ്രം,

ചെലവായത് 28 ലക്ഷം

പതിനെട്ട് വയസിന് മുകളിലുള്ള ഭിന്നശേഷിക്കാർക്കായിട്ടാണ് ബഡ്സ് സ്കൂൾ ആരംഭിച്ചത്. ഭിന്നശേഷിക്കാരായ അൻപതോളം പേർ നഗരസഭാ പരിധിയിൽ ഈ പ്രായത്തിലുണ്ട്. ഇവർക്കുവേണ്ടിയാണ് ബഡ്‌സ് സ്‌കൂൾ സ്ഥാപിച്ചത്. ഒരു അദ്ധ്യാപികയും സഹായിയും ഇവിടെയുണ്ടായിരുന്നു. 2014ൽ നഗരസഭയുടെ പ്ലാൻ ഫണ്ട് ഉപയോഗിച്ചായിരുന്നു നിർമ്മാണം. 28 ലക്ഷം രൂപയാണ് കെട്ടിടത്തിനായി മാത്രം വിനിയോഗിച്ചത്. ഒറ്റനില കെട്ടിടമാണിത്. ഓഫീസ്, ക്ലാസ് മുറി, തെറാപ്പി മുറി, അടുക്കള, സ്റ്റോർ എന്നിവ ഈ കെട്ടിടത്തിലുണ്ട്. കെട്ടിടത്തോട് ചേർന്ന് കിണറുമുണ്ട്.

ഉയർന്ന പ്രദേശമായതിനാൽ ഇവിടെ ഭിന്നശേഷിക്കാരെ എത്തിക്കാനുള്ള ബുദ്ധിമുട്ട് ഉണ്ടായിരുന്നു. പ്രത്യേക വാഹനം ക്രമീകരിച്ച് നഗരസഭ ഭിന്നശേഷിക്കാരെ ഇവിടെ എത്തിച്ചിരുന്നു. ഇപ്പോൾ നഗരത്തോട് ചേർന്നുള്ള കെട്ടിടത്തിൽ പതിനായിരം രൂപ മാസ വാടകയ്ക്കാണ് ബഡ്സ് സ്കൂൾ പ്രവർത്തിക്കുന്നത്.

വൃദ്ധസദനത്തിന് 17ലക്ഷം

2014 ൽ എ.കെ.ആന്റണിയുടെ എം.പി ഫണ്ട് ഉപയോഗിച്ചാണ് വൃദ്ധസദനത്തിന്റെ പണികൾ ആരംഭിച്ചത്. എന്നാൽ സാങ്കേതിക കാരണങ്ങളാൽ പണികൾ പൂർത്തിയായില്ല. രണ്ടുനില കെട്ടിടമാണിത്. ശേഷം നഗരസഭയുടെ ഫണ്ടിൽ നിന്ന് 17 ലക്ഷം രൂപമുടക്കി നിർമ്മാണം പൂർത്തിയാക്കി. ഇലക്ട്രിക്കൽ ജോലികളടക്കം ഇനിയും പൂർത്തിയാകാനുണ്ട്. മഴയും വെയിലുമേറ്റ് കെട്ടിടം നാശത്തിന്റെ വക്കിലാണ്.

"ഇലക്ട്രിക്കൽ ജോലിക്കായി കെട്ടിടങ്ങൾ കെ.എസ്.ഇ.ബിയെ ഏൽപ്പിച്ചിരിക്കുകയാണ്. പണി പൂർത്തിയായാൽ തുടർ നടപടികൾ ഉണ്ടാകും.

നഗരസഭ അധികൃതർ