bus

പത്തനംതിട്ട : കൊവിഡിനെ തുടർന്ന് കെ.എസ്.ആർ.ടി.സി പത്തനംതിട്ട ഡിപ്പോ നിറുത്തിവച്ച ചെയിൻ സർവീസുകൾ രണ്ട് വർഷത്തിന് ശേഷം പുനരാരംഭിക്കുന്നു. സർവീസുകൾ തുടങ്ങാൻ ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ നിർദേശം നൽകി. ചെങ്ങന്നൂർ, തിരുവല്ല, പുനലൂർ - മുണ്ടക്കയം സർവീസുകൾ ഒരാഴ്ചയ്ക്കുള്ളിൽ ആരംഭിക്കുമെന്ന് ഡിപ്പോ അധികൃതർ അറിയിച്ചു. പ്രതിദിനം പതിനാലായിരം മുതൽ പതിനേഴായിരം രൂപ വരെ വരുമാനം ലഭിച്ചിരുന്ന സർവീസുകളാണ് നിലച്ചുപോയത്. കൊവിഡ് കാലത്ത് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയ പന്ത്രണ്ട് ബസുകൾ അടുത്ത ദിവസങ്ങളിൽ പത്തനംതിട്ടയിൽ തിരികെ എത്തിക്കും.

സംസ്ഥാനത്ത് കൂടുതൽ വരുമാനം ലഭിക്കുന്ന മാതൃകാ ഡിപ്പോകളിലൊന്നാണ് പത്തനംതിട്ട. പ്രതിദിനം പതിമൂന്നര ലക്ഷം രൂപയാണ് ശരാശരി വരുമാനം. ഇത് 21ആയി ഉയർത്താനാണ് ലക്ഷ്യമിടുന്നത്.

സർവീസുകൾ മുടങ്ങിയതിനെ തുടർന്ന് ചെങ്ങന്നൂർ, പുനലൂർ, മുണ്ടക്കയം റൂട്ടുകളിൽ യാത്രാക്ളേശം തുടരുകയാണ്. ഡിപ്പോയിൽ ലഭിച്ച പരാതികൾ ഡി.ടി.ഒ തോമസ് മാത്യു ഗതാഗതമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയതിനെ തുടർന്നാണ് ചെയിൻ സർവീസുകൾ പുനരാരംഭിക്കാൻ നിർദേശിച്ചത്.

ഉടൻ തുടങ്ങുന്നത്

പത്തനംതിട്ട - ചെങ്ങന്നൂർ

പത്തനംതിട്ട - തിരുവല്ല

പത്തനംതിട്ട - പുനലൂർ - മുണ്ടക്കയം.

പത്തനംതിട്ട ഡിപ്പോയിലെ സർവീസുകൾ : 66

ബസുകൾ : 73

പ്രതിദിന വരുമാനം : 13.50 ലക്ഷം.

ലക്ഷ്യമിടുന്ന വരുമാനം : 21 ലക്ഷം.

'' ജീവനക്കാരുടെ കൂട്ടായ പരിശ്രമത്തിന്റെ ഭാഗമായാണ് പത്തനംതിട്ട ഡിപ്പോയിൽ ഉയർന്ന വരുമാനം ലഭിക്കുന്നത്.

തോമസ് മാത്യു, ഡി.ടി.ഒ

തിരുനെല്ലി ഡീലക്സ് സൂപ്പർ ഫാസ്റ്റായി

പത്തനംതിട്ട - തിരുനെല്ലി സൂപ്പർ ഡീലക്സ് സർവീസ് ഇന്നലെ മുതൽ സൂപ്പർ ഫാസ്റ്റായി സർവീസ് തുടരുന്നു. നിരക്ക് കൂടുതലുള്ള ഡീലക്സിൽ നിന്ന് വരുമാനം കുറഞ്ഞതിനെ തുടർന്നാണ് സൂപ്പർ ഫാസ്റ്റാക്കിയത്. റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, പൊൻകുന്നം, പാല, തൊടുപുഴ, മൂവാറ്റുപുഴ, പെരുമ്പാവൂർ, അങ്കമാലി, ചാലക്കുടി, തൃശൂർ, പട്ടാമ്പി, പെരുന്തൽമണ്ണ, മഞ്ചേരി, മുക്കം, താമരശേരി, കൽപ്പറ്റ, മാനന്തവാടി, കാട്ടിക്കുളം വഴി തിരുനെല്ലയിലെത്തും. ദിവസവും വൈകിട്ട് അഞ്ചിന് പത്തനംതിട്ടയിൽ നിന്ന് പുറപ്പെടും. തിരുനെല്ലിയിൽ നിന്ന് വൈകിട്ട് മൂന്നിന് പുറപ്പെടും.