അടൂർ: പരീക്ഷാ പേ ചർച്ചയിൽ കേരളത്തെ പ്രതിനിധീകരിച്ചതിലൂടെ അടൂർ കേന്ദ്രീയ വിദ്യാലയത്തിന്റെ അഭിമാനമായിരിക്കുകയാണ് ആദർശ് ആർ.നായർ. 11-ാം ക്ലാസ് വിദ്യാർത്ഥിയായ ആദർശ്, ബിയോണ്ട് റെഡ് ആൻഡ് ഗ്രീൻ സ്മാർട്ട് ട്രാഫിക് സിഗ്നൽ എന്ന നൂതന പദ്ധതിയാണ് ഇന്നലെ ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുന്നിൽ അവതരിപ്പിച്ചത്. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഉപയോഗിച്ച് ഗതാഗത സിഗ്നൽ സംവിധാനം ക്രമീകരിക്കുന്നതായിരുന്നു ആദർശിന്റെ ആശയം. അതുവഴി വാഹനങ്ങളുടെ നീണ്ട നിര ഇല്ലാതാക്കാനും സമയം ലാഭിക്കാനും കഴിയും. ക്യാമറകൾ പ്രവർത്തിപ്പിച്ച് വാഹനങ്ങൾ കൂടുതലുള്ള വശങ്ങളിലെയും ആംബുലൻസ് പോലുള്ള എമർജൻസി വാഹനങ്ങൾ ഉള്ള വശങ്ങളിലേയും സിഗ്നലുകൾ ഗ്രീനാക്കി ഗതാഗതക്രമീകരണം ഒരുക്കുന്നതായിരുന്നു പദ്ധതി. കേന്ദ്രീയ വിദ്യാലയം കൊച്ചി റീജനെ പ്രതിനിധീകരിച്ചാണ് ആദർശ് പങ്കെടുത്തത്. അടൂർ കേന്ദ്രീയ വിദ്യാലയത്തിലെ പി ജി ടി കമ്പ്യൂട്ടർ സയിൻസ് അദ്ധ്യാപിക എസ്.ശ്രീലക്ഷമിയാണ് ആദർശിനെ സഹായിച്ചത്. അദ്ധ്യാപകൻ ആർ.സജി പരീക്ഷ പേ ചർച്ചയിൽ ആദർശിനൊപ്പം പങ്കെടുത്തു. വിശാഖപട്ടണത്തെ ഡിഫൻസ് സെക്യൂരിറ്റി കോർപ്സിൽ ജോലി ചെയ്യുന്ന രാജേഷ് ബാബുവിന്റെയും ദേശീയ ആരോഗ്യമിഷൻ പ്രവർത്തകയായ ദിവ്യാ ദേവിയുടേയും മകനാണ് ആദർശ്.