വള്ളിക്കോട് : കാടുവിഴുങ്ങിയ ചെമ്പതപ്പാലം റോഡിന് ശാപമോക്ഷമായി.വള്ളിക്കോട് പഞ്ചായത്തിലെ ചെമ്പതപ്പാലം റോഡ് കാടുകേറിയത് യാത്രക്കാർക്കും നാട്ടുകാർക്കും ഭീഷണിയാകുന്നത് സംബന്ധിച്ച് കേരള കൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേ തുടർന്നാണ് പഞ്ചായത്തിന്റെയും പൊതുമരാമത്ത് വകുപ്പിന്റെയും നടപടി. റോഡിന്റെ ഇരുവശങ്ങളിൽ ഒരാൾ പൊക്കത്തിൽ വളർന്നുനിന്നിരുന്ന കാടുകൾ വെട്ടിത്തെളിച്ചു. ഇനിയും കാട് കയറാതിരിക്കരിക്കാൻ വേണ്ടി റോഡിന്റെ ഇരുവശങ്ങളും കോൺക്രീറ്റ് ചെയ്ത് സംരക്ഷിക്കും. അപ്രോച്ച് റോഡിന് ഇരുവശങ്ങളിലും വളർന്നു നിൽക്കുന്ന കാട് അപകട ഭീഷണി ഉയർത്തുന്നതിനൊപ്പം വന്യമൃഗ ഭീഷണിയും വർദ്ധിപ്പിച്ചിരുന്നു. വർഷങ്ങൾക്ക് മുമ്പ് ഇവിടെ സ്വകാര്യ ബസും സ്കൂൾ വാനും മറിഞ്ഞ് നിരവധി പേർക്ക് പരിക്കേറ്റിരുന്നു. ഇതിന് ശേഷം ഇവിടെ അടിക്കാട് തെളിയ്ക്കൽ കാര്യക്ഷമായിരുന്നെങ്കിലും പിന്നീട് ഇത് പ്രഹസനമായതാണ് ഇരുവശങ്ങളും കാട് വിഴുങ്ങാൻ കാരണമായത്. ഇത് സംബന്ധിച്ച് നാട്ടുകാർ നിരവധി പരാതികൾ ഉന്നയിച്ചിരുന്നെങ്കിലും നടപടിയായിരുന്നില്ല.
ചെമ്പതപ്പാലം
വലിയ തോടിന് കുറുകെയാണ് ചെമ്പതപ്പാലം സ്ഥിതി ചെയ്യുന്നത്. വിശാലമായ പാടത്തിന് നടുവിലൂടെയാണ് അപ്രോച്ച് റോഡ് കടന്നുപോകുന്നത്. പാട നിരപ്പിൽ നിന്നും
പന്ത്രണ്ടടിയോളം ഉയരത്തിൽ സംരക്ഷണ ഭിത്തി നിർമ്മിച്ചാണ് റോഡ് പണിതിരിക്കുന്നത്. കാട് വളരുന്നതോടെ റോഡിന്റെ വശങ്ങൾ കാണാൻ കഴിയില്ല. ഇതുമൂലം അപകടങ്ങൾ പതിവായിരുന്നു. വാഹനങ്ങൾ റോഡിൽ നിന്നും തെന്നിമാറിയാൽ പാടത്തേക്കാണ് പതിക്കുന്നത്. റോഡിന്റെ വശങ്ങൾ കാടുമൂടിയതോടെ ഇഴജന്തുക്കളുടെ ശല്യവും ഇവിടെ രൂക്ഷമായിരുന്നു. കാടിന്റെ മറപറ്റി രാത്രി കാലങ്ങളിൽ ആളുകൾ ഈ പ്രദേശത്ത് കവറുകളിലാക്കി മാലിന്യങ്ങളും തള്ളാൻ തുടങ്ങിയതോടെ തെരിവുനായ ശല്യവും രൂക്ഷമായിരുന്നു.