റാന്നി: മലയോര നാട്ടിലും ഇനി കൊയ്തു പാട്ടിന്റെ ഈണം മുഴങ്ങും. പാടങ്ങളോ,പാടശേഖരമോ അശേഷം ഇല്ലാത്ത റാന്നിയുടെ കിഴക്കൻ മലയോര പഞ്ചായത്തായ റാന്നി പെരുനാട് ഗ്രാമത്തിൽ നെൽകൃഷി ഇത് വരെയും പരീക്ഷിക്കാത്ത ഒരു വിളയാണ്. രാധമണി, മിതു ഭവൻ എന്ന വനിതാ കർഷകയുടെയും പഞ്ചായത്ത് കൃഷിഭവന്റെയും ശ്രമഫലമായി തികച്ചും ആസാദ്യമായ നെൽകൃഷിക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. ളാഹ എസ്റ്റേറ്റിന്റെ സമീപം ബഥനി മലയുടെ താഴ്വരയിൽ അഞ്ചു ഏക്കർ സ്ഥലം പാട്ടത്തിനെടുത്ത് അതിൽ ഒന്നര ഏക്കറിൽ നെൽകൃഷി ആരംഭിച്ചു. ബാക്കി ഭൂമിയിൽ ചോളം, ചീര തുടങ്ങിയ വിളകൾ ആരംഭിക്കാൻ പണികൾ നടന്നു വരുന്നു. കൃഷി ഭവന്റെ മേൽനോട്ടത്തിൽ ആലപ്പുഴ യിൽ നിന്നും എത്തിച്ച ഞാർ ഉപയോഗിച്ചാണ് കൃഷി ആരംഭിച്ചത് . ബഥനി മലയുടെ താഴ്വര പൂട്ടി നിലമാക്കി പരിവർത്തനം നടത്തിയാണ് കൃഷി ആരംഭിച്ചത് . സമാനമായി ലഭ്യമായ മുഴുവൻ ഭൂമിയിലും വരും നാളുകളിൽ നെൽകൃഷി ആരംഭിക്കുമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് പഞ്ചായത്ത് പ്രസിഡന്റ് പി.എസ് മോഹനൻ പറഞ്ഞു. ചടങ്ങിൽ വൈസ് പ്രസിഡന്റ് ഡി. ശ്രീകല,എം.കെ മോഹൻദാസ്, ശ്രീതി ടി.എസ്, എൻ ജിജി, രഞ്ജിത് സി, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. ആലപ്പുഴ വെട്ടിയാറിൽ നിന്നുമാണ് കൃഷിക്കായുള്ള ഞാർ എത്തിച്ചത്. കൃഷിയുടെ ഓരോ ഘട്ടത്തിലും വകുപ്പിൻറെ മേൽനോട്ടവും പൂർണ്ണ പിന്തുണയും ഉണ്ടാവുമെന്ന് ബന്ധപ്പെട്ട കൃഷി വകുപ്പിലെ ഉദ്യോഗസ്ഥർ അറിയിച്ചു.