തിരുവല്ല: അമിതകൂലി ഈടാക്കുന്നെന്നും ചെറിയ ദൂരത്തിൽ യാത്ര പോകുന്നില്ലെന്നുമുള്ള പരാതിയെ തുടർന്ന് തിരുവല്ല റെയിൽവേ സ്റ്റേഷനിലെ 14 ഓട്ടോ ഡ്രൈവർമാർക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടി . ധിക്കാരപൂർവം പെരുമാറുകയും യാത്രക്കാരെ ഭീഷണിപ്പെടുത്തുകയും അമിത ചാർജ് ആവശ്യപ്പെടുകയും ചെയ്ത മൂന്ന് ഓട്ടോറിക്ഷ ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികൾക്ക് ശുപാർശ ചെയ്തു. ഗതാഗതമന്ത്രിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ട്രാൻസ്‌പോർട്ട് കമ്മിഷണറുടെ നിർദ്ദേശപ്രകാരം പത്തനംതിട്ട ആർ.ടി.ഒ എൻഫോഴ്‌സ്‌മെന്റിലെയും തിരുവല്ല സബ് റീജിയൻ ഓഫീസിലെയും ഉദ്യോഗസ്ഥർ ചേർന്നാണ് നടപടി സ്വീകരിച്ചത്. കഴിഞ്ഞദിവസം രാത്രി മഫ്തിയിലെത്തിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഓട്ടോറിക്ഷകളിൽ യാത്ര ചെയ്താണ് കുറ്റകൃത്യങ്ങൾ കണ്ടെത്തിയത്. റെയിൽവേ സ്റ്റേഷൻ പരിസരത്ത് എത്തിച്ചേർന്ന മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരോട് ചില ഓട്ടോറിക്ഷ ഡ്രൈവർമാർ അമിത കൂലി നൽകണമെന്ന് ആവശ്യപ്പെടുകയും യാത്ര നിഷേധിക്കുകയും ചെയ്തു. തിരുവല്ല ബസ് സ്റ്റാൻഡിലേക്കും സമീപത്തെ ആശുപത്രികളിലേക്കും യാത്രപോകാനും ചില ഡ്രൈവർമാർ വിസമ്മതിച്ചു. യാത്ര നിഷേധിച്ച വാഹനങ്ങളിൽ കയറിയിരുന്ന മഫ്തിയിലുള്ള ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ ഓട്ടോ ഡ്രൈവർമാർക്കെതിരെ യൂണിഫോമിലെത്തിയ ഉദ്യോഗസ്ഥർ ചേർന്ന് നടപടി സ്വീകരിക്കുകയായിരുന്നു. ദൂര സ്ഥലങ്ങളിൽ നിന്ന് തിരുവല്ല റെയിൽവേ സ്റ്റേഷനിൽ എത്തുന്ന യാത്രക്കാരെയാണ് ഡ്രൈവർമാർ ബുദ്ധിമുട്ടിച്ചിരുന്നതെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇൻഷുറൻസ്, ടാക്സ്, ലൈസൻസ്, ഫിറ്റ്‌നെസ്, പെർമിറ്റ് എന്നിവയുടെ കൃത്യമായ രേഖകളില്ലാതിരുന്ന ഡ്രൈവർമാരുടെ പേരിലും നടപടിയെടുത്തു.
അടിയന്തിര യോഗം ഇന്ന്
യാത്രക്കാരുടെ പരാതികൾ സംബന്ധിച്ച് പ്രശ്നങ്ങൾ ചർച്ച ചെയ്യാനും ഓട്ടോ ഡ്രൈവർമാരെ ബോധവത്കരിക്കാനുമായി വിവിധ ട്രേഡ് യൂണിയൻ നേതാക്കളെ പങ്കെടുപ്പിച്ച് ഇന്ന് ഉച്ചയ്ക്കുശേഷം രണ്ടിന് തിരുവല്ല സബ് റീജിയൻ ഓഫീസിൽ അടിയന്തര യോഗം നടക്കും.
പ്രശ്നക്കാർ റാഞ്ചിപ്പറക്കുന്ന ഓട്ടോക്കാരെന്ന്
പെർമിറ്റും ആവശ്യമായ രേഖകളുമില്ലാതെ തോന്നിയപോലെ പാർക്കിംഗ് നടത്തി യാത്രക്കാരെ റാഞ്ചിപ്പോകുന്ന ചില ഓട്ടോ ഡ്രൈവർമാരാണ് മോശമായി പെരുമാറുന്നതെന്നും അമിതകൂലി ഈടാക്കുന്നതെന്നും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. 60 ഓട്ടോറിക്ഷകൾക്കാണ് റയിൽവേ സ്റ്റേഷനിൽ പാർക്ക് ചെയ്ത് ഓടാൻ പെർമിറ്റുള്ളത്. എന്നാൽ രാത്രികാലങ്ങളിൽ മറ്റു ചില ഓട്ടോറിക്ഷകളും ഇവിടെയെത്തി യാത്രക്കാരെ കയറ്റി പോകുന്നുണ്ട്. സ്റ്റേഷന്റെ പുറത്ത് പാർക്ക് ചെയ്ത് ഓടുന്ന ഡ്രൈവർമാരും അമിതകൂലി വാങ്ങുന്നതായി പരാതിയുണ്ട്. ശക്തമായ നടപടി തുടരുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.