മല്ലപ്പള്ളി : തകർന്ന റോഡുകളിലെ യാത്രാദുരിതം മൂലം വലയുകയാണ് ആനിക്കാട് ഗ്രാമവാസികൾ. താലൂക്ക് ആസ്ഥാനമായ മല്ലപ്പള്ളിക്ക് പുറമെ സമീപ പ്രദേശങ്ങളായ കോട്ടയം ജില്ലയിലെ നെടുംകുന്നം, കറുകച്ചാൽ എന്നിവിടങ്ങളിലേക്കും കോട്ടയം - കോഴഞ്ചേരി സംസ്ഥാനപാതയിലേക്കുമുള്ള പൊതുമരാമത്ത് റോഡുകളും പഞ്ചായത്ത് പരിധിയിലെ ഗ്രാമീണ റോഡുകളും ഗതാഗതയോഗ്യമല്ലാതായിട്ട് വർഷങ്ങൾ പിന്നിട്ടു. ആധുനീക രീതിയിൽ റോഡ് നവീകരണം സംബന്ധിച്ച് താലൂക്ക് വികസന സമിതി യോഗത്തിൽ നിരവധി തീരുമാനങ്ങൾ എടുത്തിരുന്നെങ്കിലും ഒന്നും നടപ്പായില്ല. റോഡിന്റെ ശോചനീയാവസ്ഥ കാരണം ബസ് സർവീസുകൾ പലതും നിറുത്തലാക്കിയതോടെ പുറംലോകവുമായി ജനങ്ങൾക്ക് ബന്ധപ്പെടാനുള്ള എല്ലാ വഴികളും അടഞ്ഞു. കോട്ടയം- പത്തനംതിട്ട ജില്ലകളുടെ അതിർത്തി പങ്കിടുന്ന കാവാനാൽ കടവ് - നെടുങ്കുന്നം റോഡിന് തുക അനുവദിച്ചിട്ടും ടെൻഡർ നടപടിയായില്ല. തേലമൺ- പുല്ലുകുത്തി റോഡും കണ്ണൻ പ്ലാവ് കുളത്തൂർമൂഴി, നൂറോ മ്മാവ് പുന്നവേലി, അട്ടക്കുളം വടക്കേമുറി റോഡുകളും പൂർണമായി തകർച്ചയിലാണ്. ചേലക്കൊമ്പ് - മല്ലപ്പള്ളി- തിരുവല്ല റോഡിന്റെ വികസന പദ്ധതിയും കടലാസിൽ തന്നെ. പ്രദേശത്തുകൂടി സർവീസ് നടത്തിയിരുന്ന പുന്നവേലി തിരുവനന്തപുരം കെ.എസ്ആർ.ടിസി ഫാസ്റ്റ് പാസഞ്ചറും നിറുത്തലാക്കി. പഞ്ചായത്ത് ആസ്ഥാനം, ചെട്ടിമുക്ക്, മാരിക്കൽ,നെല്ലൂർ പടവ് എന്നിവിടങ്ങളിലേക്ക് ഷട്ടിൽ സർവ്വീസ് ഇല്ല,, തെരുവുവിളക്കുകളുടെ കുറവും ബുദ്ധിമുട്ടുണ്ടാക്കുന്നു.
ജനകീയസമിതി ഉപവാസ സമരം നടത്തി
ആനിക്കാടിനോടുള്ള അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ആനിക്കാട് ജനകീയ സമിതിയുടെ ആഭിമുഖ്യത്തിൽ മല്ലപ്പള്ളി ടൗണിൽ ജനകീയ സമിതി ഉപവാസ സമരം നടത്തി. ജയിംസ് കണ്ണിമല ഉദ്ഘാടനം ചെയ്തു. സമര സമിതി ചെയർമാൻ ജേക്കബ് തോമസ്, കൺവീനർ സുരേഷ് കുമാർ ചെറുകര, ജോ. കൺവീനർ ടി. എസ്. സുരേന്ദ്രൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു.