mammo-

പത്തനംതിട്ട : ജനറൽ ആശുപത്രിയിൽ മാമോഗ്രാം പരിശോധനാ കേന്ദ്രം ഒരുങ്ങുന്നു. സ്തനാർബുദം നേരത്തെ കണ്ടെത്തി ചികിത്സ ഉറപ്പാക്കാനുള്ള പദ്ധതിയുടെ ഭാഗമാണിത്. ആശുപത്രിയിലെ എ ബ്ലോക്കിലാണ് പരിശോധനാ കേന്ദ്രം പ്രവർത്തിക്കുന്നത്. റേഡിയോളജി ഡിപ്പാർട്ട്മെന്റിന്റെ കീഴിലാകും പരിശോധന. ഈ മാസം അവസാനത്തോടെ ഉദ്ഘാടനം നടത്തി കേന്ദ്രം പ്രവർത്തനം ആരംഭിക്കും. ആഴ്ചയിൽ നാല് ദിവസം ഒ.പിയുടെ അതേ സമയത്താണ് പരിശോധനയും നടക്കുക. മുൻകൂട്ടിയുള്ള ബുക്കിംഗ് സംവിധാനം ഏർപ്പാടാക്കാനും പദ്ധതിയുണ്ട്.

സ്ത്രീകൾ മാത്രം

മാമോഗ്രാം പരിശോധന കേന്ദ്രത്തിൽ സ്ത്രീകൾ മാത്രമാണ് ജീവനക്കാരായുള്ളത്. സ്ത്രീകളിൽ കൂടുതലായി സ്തനാർബുദം കണ്ടെത്തുന്നതിനാലാണിത്. പുരുഷൻമാർക്കും പരിശോധന നടത്താം. മാമോഗ്രാം പരിശോധനയ്ക്കായി മാത്രം ഒരു വനിതാ ജീവനക്കാരിയെ നിയമിച്ചിട്ടുണ്ട്.

മാമോഗ്രാം

സ്തനാർബുദം തുടക്കത്തിൽ തന്നെ കണ്ടെത്താൻ സഹായിക്കുന്നതാണ് മാമോഗ്രാം. ഇതൊരു സ്തന എക്‌സറേ പരിശോധനയാണ്. മാമോഗ്രാം പരിശോധനയിലൂടെ രോഗം നേരത്തെ കണ്ടെത്തി ചികിത്സിക്കാൻ സാധിക്കുന്നതിനാൽ രോഗം സങ്കീർണമാകാതിരിക്കാനും മരണനിരക്ക് വളരെയേറെ കുറയ്ക്കാനും സാധിക്കും. സ്തനത്തിന്റെ വലുപ്പം, ആകൃതി, നിറം, മുലക്കണ്ണ് എന്നിവയിലുളള മാറ്റം, സ്തനത്തിൽ കാണുന്ന മുഴ തുടങ്ങിയ രോഗലക്ഷണങ്ങൾ പരിശോധന നടത്താം.

സംസ്ഥാനത്ത് പദ്ധതിക്ക് ചെലവിടുന്നത് : 2.4 കോടി രൂപ

പത്തനംതിട്ടയിൽ ചെലവിടുന്നത് : 21.14 ലക്ഷം രൂപ

മാമോഗ്രാം പരിശോധനാ കേന്ദ്രങ്ങൾ

ആലപ്പുഴ ജനറൽ ആശുപത്രി, കാസർഗോഡ് ജനറൽ ആശുപത്രി, കോഴിക്കോട് ജനറൽ ആശുപത്രി, പത്തനംതിട്ട ജനറൽ ആശുപത്രി, പാല ജനറൽ ആശുപത്രി, തിരൂർ ജില്ലാ ആശുപത്രി, അടിമാലി താലൂക്കാശുപത്രി, നല്ലൂർനാട് ട്രൈബൽ ആശുപത്രി.