photo
തകർന്ന് തരിപ്പണമായി കിടക്കുന്ന ളാക്കൂർ - ഷാപ്പുപടി റോഡ്

പ്രമാടം : പ്രമാടം പഞ്ചായത്തിലെ ളാക്കൂർ - ഷാപ്പുപടി റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. ദയനീയമാണ് ഈ റോഡിന്റെ സ്ഥിതി. തകർന്ന് തരിപ്പണമായി കിടക്കുന്ന റോഡിലൂടെ യാത്ര ചെയ്യണമെങ്കിൽ സർക്കസ് പഠിക്കണമെന്ന അവസ്ഥയാണ്. കാൽനട യാത്രപോലും ദുഷ്കരമായിരിക്കുന്ന റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ട് നാട്ടുകാർ മടുത്തു. ഒടുവിൽ സമൂഹ മാദ്ധ്യമങ്ങളിലൂടെ റോഡിന്റെ ദുരവസ്ഥയെ പരിഹസിക്കാനും തുടങ്ങി അവർ. ഓഫ് റോഡ് എക്സ്പീരിയൻസിന് താൽപര്യമുള്ളവർക്ക് ഇവിടേക്ക് വരാമെന്നാണ് ട്രോൾ. അത്രയ്ക്ക് സാഹസികമാണ് റോഡിലൂടെയുള്ള യാത്ര. പ്രമാടം പഞ്ചായത്തിലെ 17-ാം വാർഡിൽപ്പെടുന്നതാണ് റോഡ്. നിരവധി കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശമാണിവിടം. ടാറിംഗ് ഇളകി മെറ്റൽ റോഡിൽ നിരന്നുകിടക്കുകയാണ്. വാഹനങ്ങളുടെ ടയറുകൾക്കിടയിൽപ്പെടുന്ന മെറ്റൽ തെറിച്ച് വീടുകളുടെ ജനൽ ചില്ലുകൾ തകരുകയും കാൽനട യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്യുന്നു. മെറ്റലിൽ തെന്നി ഇരുചക്ര വാഹന യാത്രക്കാർ അപകടത്തിൽപ്പെടാറുണ്ട്. പ്രമാടം പഞ്ചായത്തിലും കോന്നി പൊതുമരാമത്ത് വകുപ്പ് ഓഫീസിലും പലതവണ പരാതി നൽകിയിട്ടും അറ്റകുറ്റപ്പണിക്ക് നടപടിയില്ല.

ചന്ദനപ്പള്ളി ഭാഗത്ത് നിന്നുള്ള വാഹനങ്ങൾക്ക് പൂങ്കാവ്, കോന്നി ജംഗ്ഷനുകൾ ചുറ്റിക്കറങ്ങാതെ വകയാർ, പുനലൂർ, പത്തനാപുരം ഭാഗങ്ങളിലേക്ക് എളുപ്പത്തിൽ പോകാൻ കഴിയുന്ന റോഡാണിത്. ശബരിമല നട തുറക്കുമ്പോൾ അച്ചൻകോവിൽ, തമിഴ്നാട് ഭാഗങ്ങളിൽ നിന്ന് നിരവധി വാഹനങ്ങൾ ഇതുവഴി പോകാറുണ്ട്.

സമരം തുടങ്ങുമെന്ന് നാട്ടുകാർ

റോഡ് അടിയന്തരമായി സഞ്ചാര യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ജനപ്രതിനിധികളുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് കഴിഞ്ഞ തവണ നാട്ടുകാർ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനൊരുങ്ങിയിരുന്നു. തങ്ങൾ ജയിച്ചാൽ റോഡ് നന്നാക്കാമെന്ന് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും സ്ഥാനാർത്ഥികൾ അന്ന് പറഞ്ഞിരുന്നു. അവഗണന തുടർന്നാൽ സമരം തുടങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.