
ആറന്മുള : നാരായണ മന്ത്രധ്വനികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ ആറന്മുള പാർത്ഥസാരഥി മഹാക്ഷേത്രത്തിൽ പത്തുനാൾ നീണ്ടുനിൽക്കുന്ന ഉത്സവത്തിന് കൊടിയേറി. മകരമാസത്തിലെ അത്തം നാളായ ഇന്നലെ രാവിലെ തന്ത്രി കുഴിക്കാട്ടില്ലത്ത് അഗ്‌നിശർമ്മൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെയും മേൽശാന്തി എൻ.രാജീവ്കുമാറിന്റെയും മുഖ്യകാർമ്മികത്വത്തിലാണ് കൊടിയേറ്റ് നടന്നത്. പതിവ് പൂജകൾക്ക് ശേഷം പാർത്ഥസാരഥിയുടെ മൂലസ്ഥാനമായ വിളക്ക് മാടം കൊട്ടാരത്തിലേക്ക് എഴുന്നെളളിപ്പ് ആരംഭിച്ചു. ആറു മുള കെട്ടിയ ചങ്ങാടത്തിൽ നിലയ്ക്കലിൽ നിന്ന് വന്നതിന്റെ സങ്കൽപ്പാർത്ഥം ക്ഷേത്രസന്നിധിയിലേക്ക് മുളയെഴുന്നെള്ളിപ്പ് നടത്തി. ക്ഷേത്രത്തിൽ പൂജകൾക്ക്
ശേഷം കൊടിക്കൂറ കൊടിമരച്ചുവട്ടിലേക്ക് എത്തിച്ചപ്പോൾ ഭക്തർ വായ്ക്കുരവയിട്ടും വാദ്യമേളങ്ങളോടെയും സ്വീകരിച്ചു. പൂജാകർമ്മങ്ങൾ പൂർത്തിയാക്കിയശേഷം അഷ്ടദിക്ക്പാലകർക്ക് കൊടിയേറ്റി. കൊടിയേറ്റ് സദ്യ, നൃത്തനൃത്യങ്ങൾ , ഭക്തി ഗാനമേള എന്നിവയും നടന്നു. ഇന്ന് രാവിലെ 6ന് തിരുക്കുറൾ സ്തുതി, സേവ, എട്ട് മുതൽ ആരംഭിക്കുന്ന ശ്രീപാർത്ഥസാരഥി നൃത്തസംഗീതോത്സവം മൃദംഗവിദ്വാൻ ഇലഞ്ഞിമേൽ സുശീൽകുമാർ ഉദ്ഘാടനം ചെയ്യും. തുടർന്ന് പഞ്ചരത്‌ന കീർത്തനാലാപനം, 10 മുതൽ അഞ്ച് വരെ സംഗീത സദസ്. 10.30ന് ഉത്സവബലി ആരംഭം, 12ന് ഉത്സവബലി ദർശനം, 12.30ന് അന്നദാനം, 6.10ന് കളരിപ്പയറ്റ്, ഏഴിന് നൃത്തോത്സവം, ഒമ്പതിന് കഥകളി ദക്ഷയാഗം എന്നിവ നടക്കും.
അഞ്ചാം ഉത്സവനാളിൽ നടത്തുന്ന ഗരുഡവാഹനം എഴുന്നെള്ളിപ്പാണ് ഉത്സവകാലത്തെ പ്രധാന ചടങ്ങുകളിലൊന്ന്. അഞ്ചാം ഉത്സവത്തിനു പഞ്ചപാണ്ഡവർ ഭഗവാനെ അഭിമുഖം ചെയ്യുന്ന ആചാരവുമുണ്ട്. ഒൻപതാം ഉത്സവത്തിന് വടക്കൻ തീരദേശ മേഖലയിൽ നിന്ന് അരയന്മാരെത്തി നേർച്ച സമർപ്പിക്കും. സ്വർണ്ണത്തിലും വെള്ളിയിലും തീർത്ത വല, വള്ളം, നയമ്പ് എന്നിവ സമർപ്പിക്കും.