മല്ലപ്പള്ളി : പുതിയ കെട്ടിടങ്ങൾ നിർമ്മിക്കാൻ താലൂക്കിലെ നാല് വില്ലേജ് ഒാഫീസ് കെട്ടിടങ്ങൾ പൊളിച്ചുനീക്കിയിട്ട് ഒരു വർഷം കഴിഞ്ഞു.
അസൗകര്യങ്ങൾക്കൊപ്പം ശോചനീയാവസ്ഥയിലുമായിരുന്ന പഴയ കെട്ടിടങ്ങൾക്ക് പകരം പുതിയവ ഇതുവരെ പണിതു നൽകിയിട്ടില്ല. അവസാനം നിർമ്മാണം ആരംഭിച്ച കുന്നന്താനം വില്ലേജ് ഓഫിസ് മന്ദിരത്തിന്റെ ഫൗണ്ടേഷൻ പണി മാത്രമാണ് നടന്നത്. ഓഫീസിന്റെ പ്രവർത്തനം നടക്കുന്നത് സമീപത്തെ സ്വകാര്യ വ്യക്തിയുടെ കട മുറിയിലാണ്. സ്ഥല പരിമിതിക്ക് പുറമെ 3 പതിറ്റാണ്ടിലേറെ കാലപഴക്കമുള്ള പുറമറ്റത്തെ വില്ലേജ് ഓഫിസ് കെട്ടിടം പൊളിച്ചുമാറ്റി 1200 ചതുരശ്രയടിയോളം വിസ്തീർണത്തിൽ ഇരുനിലകളിൽ കെട്ടിടം നിർമ്മിച്ചെങ്കിലും ടൈൽസ് പാകൽ, പ്ലംബിംഗ്, വയറിംഗ് എന്നിവ പൂർത്തിയായില്ല. ഓഫീസിന്റെ പ്രവർത്തനം നടക്കുന്നത് പഞ്ചായത്ത് ഓഫീസ് നേരത്തെ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലാണ്. കോട്ടാങ്ങലിൽ കെട്ടിടം ഉയർന്നെങ്കിലും പണികൾ പൂർത്തിയായില്ല. തറയിൽ ടൈൽസ് പാകലും , പ്ലംബിംഗ്, വയറിംഗ് ,ജനൽ കതകുകൾ എന്നിവയുടെ നിർമ്മാണവും ബാക്കിയായി. ഓഫീസിന്റെ പ്രവർത്തനം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലാണ്. എഴുമറ്റൂർ വില്ലേജ് ഒാഫീസ് കെട്ടിടത്തിന്റെ പണി ഏറെക്കുറെ പൂർത്തിയായി. ജനലുകൾക്ക് കതകിടാനുണ്ട്. എഴുമറ്റൂരിലെ പഴയ മാർക്കറ്റിന് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലാണ് ഇപ്പോൾ ഓഫീസിന്റെ പ്രവർത്തനം .
നിർമ്മാണത്തിന് 44 ലക്ഷം
44 ലക്ഷം രൂപയാണ് ഓരോ കെട്ടിടങ്ങളുടെയും നിർമ്മാണത്തിന് അനുവദിച്ചത്. ഒരു നില ഓപ്പൺ സ്‌പെസിലുള്ള കെട്ടിടങ്ങൾക്ക് 1375 ചതുരശ്ര അടി വിസ്തീർണം ഉണ്ടാവും. ഇതിൽ വില്ലേജ് ഓഫീസറുടെ മുറിയും മറ്റ് ജീവനക്കാർക്കായി ഗ്ലാസ് പ്ലാന്റേഷൻ ചെയ്ത ഹാളും, റെക്കോർഡ് റൂമും, വിശ്രമം മുറിയും ഉൾപ്പെടുന്നു. ആധുനിക സംവിധാനങ്ങളോടുകൂടിയാണ് കെട്ടിട നിർമ്മാണം പൂർത്തീകരിക്കുന്നത്. എഴുമറ്റൂർ, കുന്നന്താനം വില്ലേജ് ഓഫീസുകളുടെ നിർമ്മാണ ഏജൻസി കോഴഞ്ചേരി നിർമ്മിതി കേന്ദ്രവും പുറമറ്റം, കോട്ടാങ്ങൽ വില്ലേജുകളുടെ നിർമ്മാണ ഏജൻസി അടൂർ നിർമ്മിതി കേന്ദ്രവുമാണ്. സ്ഥലപരിമിതി മൂലം പുറമറ്റം വില്ലേജ് ഓഫീസിന് ഇരുനിലകളിലുള്ള കെട്ടിടമാണ് വിഭാവനം ചെയ്തിരുന്നത്.