കുറ്റൂരിലെ റെയിൽവേ അടിപ്പാതയിൽ അപകടമൊരുക്കി ഇരുമ്പ് പാളികൾ
തിരുവല്ല: റെയിൽവേയുടെ കുറ്റൂർ അടിപ്പാതയിലൂടെ പോകുന്ന യാത്രക്കാർക്ക് അനുദിനം അപകടഭീഷണി വർദ്ധിച്ചുവരികയാണ്. എം.സി. റോഡിനെയും ടി.കെ. റോഡിനെയും ബന്ധിപ്പിച്ച് തിരുവല്ലയുടെ ഔട്ടർ ബൈപ്പാസായി ഉപയോഗിക്കുന്ന പ്രധാന പാതയായ കുറ്റൂർ - മനയ്ക്കച്ചിറ റോഡിലെ അടിപ്പാതയിലാണ് ഇരുമ്പ് കമ്പികളും മറ്റുംഉയർന്നുനിൽക്കുന്നത്. റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ നിർമ്മിച്ച വാരിക്കുഴിയുടെ മേൽമൂടിയുടെ ഇരുമ്പ് പാളികളാണ് തുരുമ്പിച്ച് യാത്രക്കാർക്ക് ഭീഷണിയാകുന്നത്. റോഡിന് കുറുകെയുള്ള വലിയ കുഴിയുടെ ഇരുമ്പ് മേൽമൂടിയുടെ പലഭാഗങ്ങളും ദ്രവിച്ച് അടർന്നുവീണു. ഇതോടെ രൂപപ്പെട്ട വലിയ ദ്വാരം കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഒരുപോലെ ഭീഷണിയായി. ഇരുചക്ര വാഹനയാത്രികർ പലരും ഭാഗ്യംകൊണ്ടാണ് രക്ഷപ്പെടുന്നത്. ടോറസ് ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ കടന്നുപോകുന്ന റോഡാണിത്. ഒരു വർഷം മുമ്പാണ് റോഡിൽ നിന്ന് അടിപ്പാതയിലേക്ക് വെള്ളം കയറാതിരിക്കാനായി അടിപ്പാതയുടെ ഇരുവശങ്ങളിലും വാരിക്കുഴി ഉണ്ടാക്കി മേൽമൂടി സ്ഥാപിച്ചത്. അടിപ്പാതയ്ക്കുള്ളിൽ വലിയ കുഴികൾ രൂപപ്പെട്ടതിൽ പ്രതിഷേധമുയർന്നതിനെ തുടർന്ന് റെയിൽവേ അധികൃതർ കുഴികൾ അടച്ചിരുന്നു. അന്ന് ഇവിടെയെത്തിയ ഉദ്യോഗസ്ഥർ ഓടയ്ക്കു മുകളിൽ തകർന്ന ഭാഗം കണ്ട് ഉടൻ പരിഹാരം ഉണ്ടാക്കുമെന്ന് അറിയിച്ചാണ് പോയത്. എന്നാൽ ഇപ്പോൾ കൂടുതൽ ഭാഗം തകർന്ന് വാഹന യാത്രക്കാർക്കും കാൽനട യാത്രക്കാർക്കും അപകട ഭീഷണി ഉയർത്തിയിട്ടും അറ്റകുറ്റപ്പണി നടത്താത്തതിൽ നാട്ടുകാരും യാത്രക്കാരും ദുരിതത്തിലാണ്.
---------------------
കുറ്റൂർ റെയിൽവേ അടിപ്പാതയുടെ തകർച്ച പരിഹരിച്ചില്ലെങ്കിൽ യാത്രക്കാർക്ക് അപകടം ഉണ്ടാകാനുള്ള സാദ്ധ്യത ഏറെയാണ്. ഗതാഗത പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിച്ചു യാത്രാദുരിതം ഒഴിവാക്കിയില്ലെങ്കിൽ സമരപരിപാടികൾക്ക് രൂപം നൽകും
വി.ആർ രാജേഷ്
പ്രദേശവാസി