കൊല്ലം: ജില്ലയിൽ ഒരു മാസത്തിനിടെ പകർച്ച വ്യാധികൾ ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത് 14,695 പേർ. നവംബറിൽ അയ്യായിരത്തിലധികം പേരാണ് ചികിത്സ തേടിയത്. ഇരട്ടിയിലധികം രോഗികളുടെ വർദ്ധനവാണ് ഒരുമാസത്തിനിടെ ഉണ്ടായത്.
430 പേർ കിടത്തി ചികിത്സയ്ക്ക് വിധേയരായി. 222 പേർക്കാണ് ഒരുമാസത്തിനുള്ളിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 24 പേർക്ക് എലിപ്പനിയും ഒരാൾക്ക് മലേറിയയും സ്ഥിരീകരിച്ചു. ഇതിന് പുറമേ പാൾസി പാം മലേറിയ, എച്ച്.വൺ എൻ.വൺ, മലമ്പനി, റാബിസ്, ചിക്കൻപോക്സ്, മലേറിയ, ചെങ്കണ്ണ് ഉൾപ്പെടെയുള്ള രോഗങ്ങൾ ജില്ലയിൽ വ്യാപിക്കുകയാണ്.
ഏറ്റവും അധികം രോഗികൾ ചികിത്സ തേടിയെത്തിയത് ഡിസംബർ 6 നാണ്, 830 പേർ. കിടത്തി ചികിത്സയ്ക്ക് ഏറ്റവും അധികം പേർ വിധേയമായത് 15നും, 681 പേർ. ഡെങ്കിപ്പനി, എലിപ്പനി രോഗികൾ കൂടുതലും കിഴക്കൻ മേഖലകളിലും കോർപ്പറേഷൻ പരിധിയിലും തീരമേഖലകളിലുമാണ്.
കൊവിഡും കൂടുന്നു
ജില്ലയിലും കൊവിഡിന്റെ ഒമിക്രോൺ വകഭേദം ജെ.എൻ 1 വ്യാപിക്കുന്നതായി ആരോഗ്യ വകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകി. 45 വയസിന് മുകളിലുള്ളവരിലാണ് പുതിയ വകഭേദം കൂടുതലായി കാണുന്നത്. ദിവസം 4 - 5 വരെ രോഗികൾ ചികിത്സ തേടുന്നുണ്ട്. എന്നാൽ ആരുടെയും നില ഗുരുതരമല്ല.