 
അഞ്ചൽ: പതിനേഴുകാരിയെ മദ്യം നൽകി മയക്കി പീഡിപ്പിച്ച കേസിൽ അന്വേഷണം പുനലൂർ ഡിവൈ.എസ്.പിക്ക് കൈമാറി. പ്രതി പിടിയിലായ ശേഷമാണ് ഏരൂർ സി.ഐയിൽ നിന്ന് അന്വേഷണം പുനലൂർ ഡിവൈ.എസ്.പി വിനോദ് ഏറ്റെടുത്തത്.
പ്രതിക്കെതിരെ എസ്.സി എസ്.ടി വകുപ്പ് ചുമത്തിയതോടെയാണ് കേസ് ഡിവൈ.എസ്.പിക്ക് കൈമാറിയത്. പുതിയ സംഘം കുട്ടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. കഴിഞ്ഞ ദിവസമാണ് അഞ്ചൽ അഗസ്ത്യക്കോട് ഗൗരിഗിരിയിൽ ഷിജുമോനെ (49) ഏരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. റിമാൻഡിലാണ്.
പൊലീസ് പറയുന്നത്: അഗസ്ത്യക്കോട് പെറ്റ് ഷോപ്പ് നടത്തുകയായിരുന്ന പ്രതി പെൺകുട്ടിയുടെ വീട്ടിലേക്ക് വളർത്ത് നായയെ നൽകുകയും പരിചയം സ്ഥാപിക്കുകയും ചെയ്തു. ഈ പരിചയം മുതലെടുത്ത് കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ വീട്ടിലെത്തി. മറ്റാരുമില്ലെന്ന് മനസിലാക്കി ശീതള പാനീയത്തിൽ മദ്യം കലർത്തി പീഡിപ്പിച്ചു. ബോധം തിരികെ ലഭിച്ചതോടെ പെൺകുട്ടി വിവരം ആരെയും അറിയിക്കാതെ തിരുവനന്തപുരത്തെ ബന്ധുവീട്ടിലെത്തി. തുടർന്ന് നേമം പൊലീസിൽ പരാതി നൽകി.
നേമം പൊലീസ് കേസ് ഏരൂർ പൊലീസിന് കൈമാറി. ഏരൂർ സി.ഐ വിനോദിന്റെ നേതൃത്വത്തിലുള്ള പൊലീസാണ് പ്രതിയെ പിടികൂടിയത്.